NEWS

ഇസ്‌ലാമിക പണ്ഡിതൻ എ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു


കോഴിക്കോട് ∙ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ പ്രഫ. എ അബ്ദുൽ ഹമീദ് മദീനി (83) അന്തരിച്ചു. കബറടക്കം നടത്തി. അഞ്ചര പതിറ്റാണ്ടു കാലം കേരളത്തിലെ ഇസ്‌ലാഹി പ്രവർത്തന രംഗത്ത് എഴുത്തും ചിന്തയും പ്രഭാഷണവും കൊണ്ട് നേതൃപരമായ പങ്കു നിർവഹിച്ച പണ്ഡിതനായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്, കെഎൻഎം മർക്കസുദ്ദുവ സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെജെയു ഉപദേശക സമിതി ചെയർമാനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ ഇസ്‌ലാമിക് സ്റ്റഡീസ് ആൻഡ് റിസർച് സീനിയർ ഫാക്കൽറ്റിയും ആയിരുന്നു.ബിരുദ പഠനത്തിനുശേഷം മദീന സർവകലാശാലയിൽ ഉപരി പഠനത്തിനു പോയ ആദ്യകാല ഇസ്‌ലാഹി പണ്ഡിതരിൽ പ്രമുഖനാണ്. ഫാറൂഖ് കോളജ് സ്ഥാപകൻ അബുസ്വബാഹ് മൗലവിയുടെ പ്രിയ ശിഷ്യനായിരുന്നു. ഫറൂഖ് റൗളതുൽ ഉലൂം അറബിക് കോളജിലെ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിൽ നിന്ന് സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയാണ് വിരമിച്ചത്. സൗദി അറേബ്യയിലെ ദാറുൽ ഇഫ്തയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ദാഇമാരിൽ പ്രമുഖനായിരുന്നു.


Fashion ⏭️

Back to top button