NEWS
‘വട്ടം കറങ്ങി’ ഡൽഹി പൊലീസ്; പ്രതിഷേധം നേരിടാൻ കൂടുതൽപേർ, കർഷക സമരത്തെ നേരിട്ടതിനെക്കാൾ സേനാവിന്യാസം

ന്യൂഡൽഹി ∙ രാവിലെ സമരമുന്നറിയിപ്പുമായി സിജെപി നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ, ഉച്ചയ്ക്ക് പ്രസ്ക്ലബ്ബിൽ വിദ്യാർഥിനേതാക്കളുടെ പത്രസമ്മേളനം, തൊട്ടുപിന്നാലെ ജൻപഥിൽ പ്രതിപക്ഷനേതാക്കളുടെ ഉച്ചവിരുന്ന്: ഇനിയെന്താണു സംഭവിക്കുകയെന്നറിയാതെ ഡൽഹി പൊലീസ് ഇന്നലെ വട്ടംകറങ്ങി. ഇന്നു മുതൽ 12 വരെ സെൻട്രൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാൻ പൊലീസ്, എസ്എസ്ബി, ആർഎഎഫ്, ബിഎസ്എഫ്, സിആർപിഎഫ് വിഭാഗങ്ങൾക്കു പുറമേ, കേന്ദ്ര സായുധ പൊലീസിന്റെ (സിഎപിഎഫ്) 23,000 ഉദ്യോഗസ്ഥരെ (221 കമ്പനി) രംഗത്തിറക്കി. അമർനാഥ് യാത്രയ്ക്കു സുരക്ഷയൊരുക്കാൻ ജമ്മുവിലും തിരഞ്ഞെടുപ്പു സംഘർഷങ്ങൾ നിയന്ത്രിക്കാൻ ബംഗാളിലും നക്സൽ വേട്ടയ്ക്ക് ഛത്തീസ്ഗഡിലും വിന്യസിച്ച സേനയെയാണ് പ്രതിഷേധം നേരിടാൻ ഡൽഹിയിലേക്കു വിളിപ്പിച്ചത്.2020–21 ൽ നടന്ന കർഷക സമരത്തെയും കഴിഞ്ഞ ജൂലൈയിൽ സിജെപി സമരത്തെയും നേരിട്ടതിനെക്കാൾ വലിയ സന്നാഹമാണു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളെ നേരിടാൻ സജ്ജമാക്കുന്നത്. സിജെപി സമരം നേരിടാൻ കൊൽക്കത്തയിൽ നിന്ന് വിമാനത്തിൽ കൊണ്ടുവന്ന 20 കമ്പനി സിആർപിഎഫ് ജവാൻമാർ മടങ്ങിയിട്ടില്ല. സെപ്റ്റംബറിൽ നടന്ന ബ്രിക്സ് സമ്മേളനത്തിനെത്തിയ ബിഎസ്എഫിന്റെ 41 കമ്പനി, ഐടിബിപിയുടെ 18 കമ്പനി, ആർഎഎഫ് 13 കമ്പനി, 5 വനിതാ കമ്പനി ഉൾപ്പെടെ സിആർപിഎഫിന്റെ 12 കമ്പനി, സിഐഎസ്എഫിന്റെ 11 കമ്പനി എന്നിവയും തുടരുന്നു. പ്രതിഷേധങ്ങളെ നേരിടാനിറങ്ങുന്ന 15,000 പൊലീസുകാർക്കു പുറമേയാണിത്.
Fashion ⏭️




