NEWS

മൂർഖൻ പാമ്പിൽനിന്ന് വീട്ടുകാരെ രക്ഷിച്ച് വളർത്തുനായ; കടിയേറ്റിട്ടും പിന്മാറാതെ രക്ഷാപ്രവർത്തനം: സൂപ്പർസ്റ്റാർ റോസി!


ചങ്ങനാശേരി ∙ മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും പിന്മാറാതെ വീട്ടുകാരുടെ ജീവൻ രക്ഷിച്ച് വളർത്തുനായയുടെ രക്ഷാപ്രവർത്തനം. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേർക്കാണു റോസി എന്ന നായ കാവലായി നിന്നത്. 4 വയസ്സുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായയാണ്.ഇന്നലെ വൈകിട്ട് 3നു ചങ്ങനാശേരി കാക്കാംതോട് കൊല്ലശേരിൽ കെ.എം.ടോണിയുടെ അടുക്കളമുറ്റത്താണു മൂർഖനെ കണ്ടത്. റോസിയുടെ നിർത്താതെയുള്ള കുര കേട്ട് ടോണിയും ഭാര്യ റെജിമോളും നോക്കുമ്പോഴാണു പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. ഇവരുടെ കൊച്ചുമകൾ ഒരു വയസ്സുള്ള എലീഷ ഈ സമയം വീട്ടിലുണ്ടായിരുന്നു. വിവരമറിയിച്ചതോടെ പാമ്പുപിടിത്തക്കാരൻ വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി സ്ഥലത്തെത്തി. എന്നാൽ ഷിനോയ്ക്കു വിട്ടുകൊടുക്കാതെ മൂർഖനു മുൻപിൽ റോസി നിലയുറപ്പിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും അനങ്ങിയില്ല. ഇടയ്ക്കു കൊത്താനായി ആഞ്ഞപ്പോൾ മൂർഖനെ കടിച്ചുകുടഞ്ഞു. ഇതിനിടയിലാണു മുഖത്തു കടിയേറ്റത്. പാമ്പ് ചത്തെന്ന് ഉറപ്പാക്കിയ ശേഷമാണു റോസി പിന്മാറിയത്. ഉടൻ മൂലവട്ടം മുപ്പായിക്കാടുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റോസിക്ക് ആന്റിവെനം നൽകി. രാത്രിയോടെ അപകടനില തരണം ചെയ്തു. 


Fashion ⏭️

Back to top button