ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല: മന്ത്രി കെ. എ. തുളസി

തിരുവനന്തപുരം: വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഒട്ടേറെപ്പേരുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കെ. എ. തുളസി. സിവിൽ സർവീസ് മേഖലയിലേക്ക് കടന്നു വരുന്ന എസ്.സി വിഭാഗം വിദ്യാർത്ഥികൾ ഈ സത്യം മനസ്സിലാക്കണമെന്നും ,ജാതി ഒന്നിന്റെയും അടിസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ് വേണം പഠനത്തെ സമീപിക്കാനെന്നും അവർ ഓർമ്മിപ്പിച്ചു.
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ സ്കോളർഷിപ്പ് പദ്ധതി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും മണ്ണന്തല അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ സൗജന്യ പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകുന്നത്. ആവശ്യമുള്ള കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് സൗകര്യവും അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ഐ.എ.എസ്., ഐ.പി.എസ്. നേട്ടങ്ങൾ കൈവരിച്ച കിരൺ, ദിവ്യ. എസ്. ഉൾപ്പെടെയുള്ള വിജയികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ. അദ്ധ്യക്ഷയായി. അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ്, ഐ.സി.ഇ.ടി.എസ് ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ സംബന്ധിച്ചു.




