NEWS
പരീക്ഷയിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം: മകൻ ജാതിവിവേചനത്തിന്റെ ഇരയെന്ന് മാതാപിതാക്കൾ, അധ്യാപകനെതിരെ കേസ്

മുംബൈ∙ ഐഐടി ബോംബെയിലെ ബിടെക് രണ്ടാംവർഷ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തു. മകൻ പീഡനത്തിനും ജാതിവിവേചനത്തിനും ഇരയായിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട മാതാപിതാക്കൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഏഴു മണിക്കൂറോളം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. തുടർന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയതോടെയാണ് ഇന്നലെ രാത്രി ഒൻപതിനു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്. നിലവിൽ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.യവത്മാൽ സ്വദേശിയും എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥിയുമായ സാഹിൽ വകോഡെയെ വെള്ളിയാഴ്ച വൈകിട്ടാണു പവയ് ക്യാംപസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നത്തെ സെമസ്റ്റർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഉത്തരമെഴുതാൻ ശ്രമിച്ചതിനു സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു.
Fashion ⏭️




