NEWS

എൽപിജി ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം; കപ്പലിൽ 9 ഇന്ത്യക്കാർ അടക്കം 19 ജീവനക്കാർ


ദുബായ് / ന്യൂഡൽഹി∙ പശ്ചിമേഷ്യയിൽ കപ്പലുകൾക്കു നേരെയുള്ള ഉപരോധ യുദ്ധം കടുക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിനു സമീപം ചരക്കുകപ്പലിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം. ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എം.ടി. അൽ മര്യ’ എന്ന എൽപിജി ടാങ്കർ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിനു വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.ആക്രമണത്തിനുശേഷവും കപ്പലിന്റെ പവർ സംവിധാനങ്ങളും പ്രധാന എൻജിനും പ്രവർത്തക്ഷമമാണ്. കപ്പൽ നിലവിൽ ഖോർ ഫക്കാൻ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന ഒൻപത് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള 19 ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിനു പടിഞ്ഞാറ് പേർഷ്യൻ ഗൾഫ് മേഖലയിലായി ഇന്ത്യൻ പതാകയുള്ളവയും ഇന്ത്യയിലേക്കു വരുന്നതുമായ 6 കപ്പലുകളും 7 വിദേശ കപ്പലുകളുമുണ്ടെന്നാണ് വിവരം. ഇവയിലായി ആകെ 145 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട 9 കപ്പലുകളെ അടിയന്തരമായി ഒഴിപ്പിക്കാനായി തിരിച്ചറിഞ്ഞിട്ടുണ്ട്.


Fashion ⏭️

Back to top button