HEALTH
അൽഷൈമേഴ്സ് കണ്ടെത്താൻ അഞ്ച് മിനിറ്റിന്റെ ഓർമ പരിശോധന മതിയോ? | Is a five-minute memory test enough to detect Alzheimer’s

ശാസ്ത്രീയമായി തെളിവൊന്നുമില്ലെങ്കിലും മനുഷ്യന്റെ ഏത് രോഗത്തിനും പറ്റിയ ഹെൽത്ത് ടിപ്പുകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ. അതിൽതന്നെ ഒരുപക്ഷേ, ഏറെ തെറ്റിദ്ധാരണകളും കെട്ടുകഥകളും നിലനിൽക്കുന്ന രോഗാവസ്ഥയാണ് അൽഷൈമേഴ്സ്. ഓർമശക്തിയെയും ചിന്താശേഷിയെയും പടിപടിയായി നശിപ്പിക്കുന്ന ഒരു മസ്തിഷ്ക തകരാറാണ് അൽഷൈമേഴ്സ്. ഓർമകൾ ഇല്ലാതാകുകയെന്നത് മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ അവസ്ഥയാണ്. അതുകൊണ്ടുതന്നെ ചെറിയ ഓർമക്കുറവുകൾ പോലും അൽഷൈമേഴ്സ് രോഗമാണോയെന്ന് സംശയിക്കുക സ്വാഭാവികം. മനുഷ്യന്റെ ഇത്തരം ആകുലതകളെ മുതലെടുത്ത് അൽഷൈമേഴ്സ് കണ്ടെത്താൻ പലതരം ടിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഞ്ച് മിനിറ്റ് നേരത്തെ ഓർമശക്തി പരിശോധനയിലൂടെ അൽഷൈമേഴ്സ് ‘പുഷ്പം’ പോലെ കണ്ടെത്താനാവുമെന്നാണ് ചിലരുടെ വാദം. പ്രിയപ്പെട്ടവരുടെ മറവിയെക്കുറിച്ച് ആശങ്കാകുലരായ കുടുംബങ്ങൾക്ക് ചിലപ്പോൾ ഇത്തരം ടിപ്പുകൾ ചെറു ആശ്വാസം നൽകിയെന്നു വരാം. ഒരുപക്ഷേ, അൽഷൈമേഴ്സ് രോഗത്തിന്റെ തുടക്കം തിരിച്ചറിയാനും ഇത്തരം പരിശോധകൾ സഹായിച്ചേക്കാം. എന്നാൽ, ഇത്തരം സ്ക്രീനിങ് ഉപകരണങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്നതാണ് ഇന്ന് ന്യൂറോളജി വിദഗ്ധരുടെ ചർച്ചകൾ. മനുഷ്യന്റെ ഓർമകളിലെ ചില മാറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള ആദ്യപടിയായി ഒരു ഹ്രസ്വ മെമ്മറി പരിശോധന ഉപയോഗപ്രദമായേക്കാം; പക്ഷേ, അൽഷൈമേഴ്‌സ് രോഗത്തെ സ്ഥിരീകരിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നാണ് കൈലാഷ് ഹെൽത്ത്‌കെയറിലെ ന്യൂറോ സയൻസസ് ഡയറക്ടർ ഡോ. ശ്രീകാന്ത് ശർമ പറയുന്നത്. കാരണം, ഓരോ രോഗിയിലും രോഗ കാരണം പലതായിരിക്കാം. ഉറക്കമില്ലായ്മ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങൾ അൽഷൈമേഴ്സിലേക്ക് നയിച്ചേക്കാം. ഇത് സമഗ്രമായി വിലയിരുത്തിയാൽ മാത്രമേ രോഗാവസ്ഥ കണ്ടെത്താനാവൂവെന്നാണ് ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ന്യൂറോളജി കൺസൽട്ടന്റായ ഡോ. അഭിഷേക് ദിക്ഷിത് വ്യക്തമാക്കുന്നത്. രക്തപരിശോധന, ബ്രെയ്ൻ ഇമേജിങ് തുടങ്ങിയ ക്ലിനിക്കൽ പരിശോധന ഇതിനാവശ്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Life Style ⏭️




