NEWS
‘ഞാൻ ബർഗർ കഴിച്ചാൽ പ്രശ്നം, മുടി മുറിച്ചാൽ പ്രശ്നം’; ട്രോളുകളോട് പൊട്ടിത്തെറിച്ച് ചെന്നൈ മേയർ

ചെന്നൈ ∙ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളിൽ അസ്വസ്ഥയായി ചെന്നൈ കോർപറേഷൻ മേയർ ആർ. പ്രിയ. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പുതിയ ഹെയർ സ്റ്റൈലുമായി എത്തിയ പ്രിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിലർ ചിത്രം ഉപയോഗിച്ച് ട്രോളുകൾ തയാറാക്കുകയും ചെയ്തു. ഇതിനെതിരെയാണ് മേയർ പ്രതികരിച്ചത്.മേയറായി ചുമതല ഏറ്റെടുത്ത ശേഷം താൻ ചെയ്യുന്ന ലളിതമായ കാര്യങ്ങൾ പോലും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാക്കുകയാണ്. “ഞാൻ ഒരു ബർഗർ കഴിച്ചാൽ അത് പ്രശ്നമാണ്.എന്റെ മുടി മുറിച്ചാൽ അത് ഒരു പ്രശ്നമാണ്. ഞാൻ വ്യക്തിപരമായി എടുക്കുന്ന ഓരോ തീരുമാനവും ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നതായി തോന്നുന്നു,” പ്രിയ പ്രതികരിച്ചു. താൻ ഒരു സ്ത്രീ ആയതുകൊണ്ടാണോ ഇങ്ങനെ വിലയിരുത്തപ്പെടുന്നതെന്ന് സംശയമുണ്ടെന്നും സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവരും ഫെമിനിസ്റ്റുകളും എവിടെയാണെന്നും മേയർ ചോദിച്ചു.
Fashion ⏭️




