NEWS
‘ഒരടി പിന്നോട്ടില്ല, അവസാനശ്വാസം വരെ ജനങ്ങൾക്കു വേണ്ടി…’; അമേരിക്കൻ ഭീകരസേനയുടെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ

ടെഹ്റാൻ ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കയുടെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ തങ്ങൾ പിടിച്ചെടുത്തതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) നാവികസേന അവകാശപ്പെട്ടു. ചാരവൃത്തി ലക്ഷ്യമിട്ടാണ് ഈ ഡ്രോൺ മേഖലയിൽ പ്രവർത്തിച്ചിരുന്നതെന്നും, ഇതിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തിയതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സങ്കീർണമായ സൈനിക നീക്കത്തിലൂടെയാണ് യുഎസ് ഡ്രോണിനെ കെണിയിലാക്കിയതെന്ന് ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ ഭീകരസേനയുടെ രണ്ടാമത്തെ അണ്ടർവാട്ടർ ഡ്രോണാണ് തങ്ങളുടെ പിടിയിലായിരിക്കുന്നതെന്നും ഇറാൻ അവകാശപ്പെട്ടു. ഇതോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിനു മേൽ ഇറാൻ കർശന നിയന്ത്രണം പ്രഖ്യാപിച്ചു. ‘‘ഹോർമുസ് കടലിടുക്ക് നിലവിൽ അടച്ചിരിക്കുകയാണെന്ന് ഐആർജിസി നാവികസേന ശക്തമായി പ്രഖ്യാപിക്കുന്നു. അനുമതിയില്ലാത്തതും അപകടകരവുമായ ഏത് ഗതാഗത നീക്കങ്ങൾക്കെതിരെയും അതിശക്തമായ നടപടികൾ തുടരും’’– ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെയല്ലാതെ കടന്നുപോകുന്ന ഒരു കപ്പലിനും സുരക്ഷയുണ്ടാകില്ലെന്ന് സായുധ സേനയുടെ മുതിർന്ന വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ഷെകാർച്ചി പറഞ്ഞു.
Fashion ⏭️




