NEWS

റിയാദ് ലക്ഷ്യമിട്ട് ഹൂതികൾ, ഡ്രോൺ വെടിവച്ചിട്ട് സൗദിസേന; ഹോർമുസിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്


ദുബായ് ∙ സൗദി തലസ്ഥാനമായ റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ട ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടതായി സൗദി സേന അറിയിച്ചു. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ സൈനികമേധാവിമാർ റിയാദിൽ യോഗം ചേർന്ന് ഹൂതികൾ ഉയർത്തുന്ന സുരക്ഷാഭീഷണി വിലയിരുത്തി. പരസ്പര സൈനികസഹായം വ്യവസ്ഥ ചെയ്യുന്ന പ്രതിരോധ സഹകരണ ഉടമ്പടി മൂന്നു രാജ്യങ്ങളും കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.അതിനിടെ, ഹോർമുസ് കടലിടുക്ക് 7 ദിവസത്തിനകം തുറക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനെതിരായ യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതടക്കം നിർദേശങ്ങളാണു ഹോർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവച്ചത്. ഇതോടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാനനീക്കം വഴിമുട്ടി. ജൂണിൽ യുഎസും ഇറാനും ഒപ്പുവച്ച വെടിനിർത്തൽ ധാരണപത്രത്തിലെ കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞദിവസത്തെ ന്യൂയോർക്ക് ചർച്ചയിലും മുന്നോട്ടു വച്ചതെന്നും പുതിയ കാര്യങ്ങളോന്നും പറഞ്ഞിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.


Fashion ⏭️

Back to top button