NEWS
തിരുവോണം ബംപർ 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്; സ്റ്റാളിലെത്തിച്ചത് ഒരാഴ്ച മുൻപ്

കണ്ണൂർ/തിരുവനന്തപുരം ∙ തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 ടിക്കറ്റിന്. ഇന്നലെ രാത്രി വരെ സമ്മാനാർഹനെ കണ്ടെത്തിയിട്ടില്ല. എം.വി.അനീഷിന്റെ ഉടമസ്ഥതയിലുള്ള ചക്കരക്കൽ മുത്തു ലോട്ടറി ഏജൻസി, പി.വി.വത്സരാജന്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിക്കു വിറ്റ ടിക്കറ്റ് വടക്കാഞ്ചേരി സ്വദേശി എം.വി.സുജിത്ത് തന്റെ സമൃദ്ധി ലോട്ടറി സ്റ്റാളിലാണു വിറ്റത്. ഇതുൾപ്പെടെയുള്ള 30 ടിക്കറ്റുകളാണു സുജിത്ത് ഒരാഴ്ച മുൻപ് തന്റെ സ്റ്റാളിലെത്തിച്ചത്. ആരാണ് ടിക്കറ്റെടുത്തതെന്ന് ഓർമയില്ലെന്നു സുജിത്ത് പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ് ബംപർ 20 കോടി രൂപ ലഭിച്ചതും മുത്തു ഏജൻസി വിറ്റ ടിക്കറ്റിനാണ്. പി.വി.വത്സരാജനാണ് തമ്പുരാൻ ഏജൻസിയുടെ ഉടമ.30 കോടിരൂപ ഒന്നാംസമ്മാനമുള്ള ഓണം ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 20.95 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ. 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
Fashion ⏭️




