NEWS

ഓഡിറ്റ് വിഭാഗം ഉന്നയിച്ചത് 2048 ചോദ്യങ്ങൾ; മറുപടി നൽകാതെ ഗുരുവായൂർ ദേവസ്വം; വിമർശിച്ച് ഹൈക്കോടതി


കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിന്റെ നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി. ഓഡ‍ിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാൻ ഗൗരവമായ ഒരു നടപടിയും സ്വീകരിച്ചില്ല. ദേവസ്വത്തിന്റെ വാർഷിക അക്കൗണ്ടുകൾ സമർപ്പിക്കുന്നതിലും താമസമുണ്ടായി.ഏറെ വർഷങ്ങൾക്കുശേഷമാണ് വാർഷിക കണക്കുകൾ സമർപ്പിച്ചത്. 2022–23 ലെ റിപ്പോർട്ട് തയാറായിട്ടുണ്ട്. അതേ സമയം, കഴിഞ്ഞ മൂന്നു വർഷങ്ങളിലെ വാർഷിക കണക്കുകൾ ലഭ്യമാക്കിയിട്ടില്ല. ചട്ടപ്രകാരം ഗുരുവായൂർ ദേവസ്വം സ്വർണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുടെ നേരിട്ടുള്ള പരിശോധന എല്ലാവർഷവും ജൂൺ 30ന് പൂർത്തിയാക്കണം. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ലഭ്യമല്ല. ഇക്കാരണത്താൽ ഓഡിറ്റ് നടത്താനായില്ലെന്നു കോടതിെയ അറിയിച്ചിട്ടുള്ളത് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.കൂടാതെ, സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്തെന്ന പരാതി പൊലീസ് തള്ളിയതിന് പിന്നാലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓഡിറ്റർക്കെതിരെ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം നൽകിയ കേസ് നിലവിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ സ്വീകരിച്ച പരിഹാര നടപടികൾ വിവരിച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാമെന്ന് ദേവസ്വം അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റി വച്ചു.


Fashion ⏭️

Back to top button