HEALTH

50% വരെ വിലക്കുറവ്; അർബുദത്തിന് ആശുപത്രികളിലേക്ക് എത്തിയത് വ്യാജ മരുന്ന് | Fake Cancer Drugs Exposed


ബംഗളുരു: രാജ്യത്തെ ആരോഗ്യ രംഗത്തെ ആശങ്കയിലാഴ്ത്തികൊണ്ട് ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ വ്യാജ കാൻസർ മരുന്ന് മാഫിയ. ബംഗളൂരുവിലെയും സമീപപ്രദേശങ്ങളിലെയും തൊണ്ണൂറിലധികം പ്രമുഖ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇത്തരം വ്യാജ മരുന്നുകൾ വിതരണം ചെയ്തതായാണ് കണ്ടെത്തൽ. വിപണിയിൽ വലിയ ഡിമാൻഡുള്ള ഫൈസർ കമ്പനിയുടെ ഉൽപന്നങ്ങൾ, വിലകൂടിയ കാൻസർ മരുന്നുകൾ, അടിയന്തിര ഘട്ടങ്ങളിൽ ഐ.സി.യു വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന കുത്തിവെപ്പ് മരുന്നുകൾ എന്നിവയുടെ വ്യാജപതിപ്പുകളാണ് വിപണിയിൽ വിറ്റഴിച്ചത്. യഥാർത്ഥ വിപണി വിലയിൽ നിന്നും ഏകദേശം 50 ശതമാനം വരെ വൻ വിലക്കുറവിൽ ലഭിച്ചതിനാലാണ് പല ആശുപത്രികളും ഈ വ്യാജ മരുന്നുകൾ വാങ്ങാൻ തയ്യാറായത്. നിയമപരമായി ലൈസൻസുള്ള ഒരു ഫാര്മസിസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഈ മാഫിയ പതിനഞ്ചിലധികം മെഡിക്കൽ പ്രതിനിധികൾ ഉൾപ്പെട്ട വലിയ ശൃംഖല വഴി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും ഇത്തരം വ്യാജ മരുന്നുകൾ വ്യാപകമായി എത്തിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഈ സംഭവം ഒറ്റപ്പെട്ട കേസല്ലെന്നും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഡൽഹി പൊലീസും സമാനമായ കേസിൽ വ്യാജ ക്യാൻസർ മരുന്ന് മാഫിയയെ പിടികൂടുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സർക്കാർ ആശുപത്രികൾ വഴി നിർധനരായ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിക്കുന്ന മരുന്നുകൾ മോഷ്ടിച്ചും തിരിമറി നടത്തിയും കരിഞ്ചന്തയിലേക്ക് മറിച്ചതായും ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജസ്ഥാനിലെ ഒരു സർക്കാർ ആശുപത്രിയിലേക്കും ഈ വ്യാജ മരുന്നുകളുടെ കൺസൈൻമെന്റുകൾ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭരണകൂടം കർശന പരിശോധനക്ക് ഉത്തരവിട്ടിരിക്കുകയാണ്. കൃത്യമായ ഇൻവോയ്സുകളും പാക്കിങ്ങും ഫാർമസിസ്റ്റ് ലൈസൻസും സഹിതം വിപണിയിൽ എത്തുന്നതിനാൽ വ്യാജ മരുന്നുകളെ തിരിച്ചറിയുക എന്നത് ആശുപത്രികൾക്കും പ്രയാസകരമായി മാറുന്നു. പതിനായിരക്കണക്കിന് നിർമ്മാണ യൂണിറ്റുകളും ദശലക്ഷക്കണക്കിന് ഫാർമസികളുമുള്ള ഇന്ത്യയിൽ വിതരണ ശൃംഖല പൂർണ്ണമായും നിരീക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് പ്രതിവിധിയായി ഡ്രഗ് കൺട്രോൾ ബോർഡും സർക്കാരും ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങളും ക്യു.ആർ കോഡുകളും ബാർകോഡുകളും കർശനമാക്കാൻ ഒരുങ്ങുകയാണ്. ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന സാധാരണക്കാരായ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.


Life Style ⏭️

Back to top button