‘ലൈംഗികാതിക്രമത്തെ നിസാരവൽക്കരിക്കുന്നു, ശക്തവും മാതൃകാപരവുമായ നിയമനടപടി വേണം’ ടിജി മോഹൻദാസിനെതിരെ ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, ടി ജി മോഹൻദാസ്
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മോഹൻദാസിനെതിരെ പ്രധാനമന്ത്രി ശക്തവും മാതൃകാപരവുമായ നടപടിയെടുക്കണമെന്നാണ് ഭാഗ്യലക്ഷ്മി സമൂഹമാദ്ധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.
വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിൽ മോശം പരാമർശം നടത്തിൽ ടി ജി മോഹൻദാസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനമായാണ് ഭാഗ്യലക്ഷ്മി മോഹൻദാസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘‘ബഹുമാനപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർകൾക്ക്, ഒരു ഇന്ത്യൻ പൗരയും ഒരു സ്ത്രീയുമായാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ടി ജി മോഹൻദാസ് നടത്തിയ
അറപ്പും വെറുപ്പും ഉളവാക്കുന്ന പരാമർശങ്ങൾക്കെതിരെയാണ് ‘ഡൽഹിയിൽ ജന്തർ മന്തറിൽ സമരം ചെയ്തവരെ വെടിവെച്ച് കൊല്ലാമായിരുന്നു’, അവിടെ സമരത്തിന് വന്ന പെൺകുട്ടികളെ ബലാത്സംഗം ചെയ്യണം. അവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അവർ പരാതിപ്പെടില്ല.
പ്രതിഷേധിക്കുന്നവർക്കെതിരായ അക്രമത്തെയും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തെയും നിസ്സാരവൽക്കരിക്കുന്ന, ഇത്തരം പ്രസ്താവനകൾ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും സ്ത്രീകളുടെ അന്തസ്സിനും വിരുദ്ധമാണ്. സംഘപരിവാർ ആശയധാരയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസ്താവനകൾ സ്ത്രീകളിൽ ഭയമുണ്ടാക്കുന്നു.അവ സർക്കാരിന്റെയോ പാർട്ടിയുടെയോ നിലപാടല്ലെങ്കിൽ, അത് വ്യക്തമായും പരസ്യമായും പറയേണ്ടത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്തമാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
അങ്ങയുടെ നിശ്ശബ്ദത തെറ്റായ സന്ദേശം സമൂഹത്തിന് നൽകാൻ ഇടയാക്കും. താങ്കൾ ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതകളെ മറികടന്ന് ഓരോ സ്ത്രീക്കും ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് ഉറപ്പുനൽകേണ്ട ഉത്തരവാദിത്തം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുണ്ട്.
അതിനാൽ ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും, ശക്തവും മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. സ്ത്രീകളുടെ
അന്തസ്സിനും സുരക്ഷയ്ക്കും എതിരായ പ്രസ്താവനകൾക്ക് ഇന്ത്യയിൽ ഒരിക്കലും സ്ഥാനമില്ലെന്ന സന്ദേശം ശക്തമായി നൽകുമെന്നും ടി. ജി. മോഹൻദാസിനെതിരെ ഉചിതമായ നിയമനടപടി ഉണ്ടാവണമെന്നും അഭ്യർഥിക്കുന്നു. ആ വിശ്വാസത്തിൽ ഈ രാജ്യത്തെ പൗരനായ ഒരു സ്ത്രീ.’’–ഭാഗ്യലക്ഷ്മി കുറിച്ചു.
RELATED TOPICS: BHAGYA LEKSHMI, TG MOHANDAS, TG MOHANDAS CONTROVERSY, RSS LEADER CONTROVERSY
Read News ⏭️


