NEWS
അനുമതിയില്ലാതെ വിദേശയാത്ര: എഡിജിപി എസ്.ശ്രീജിത്തിനു നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ കേസിൽ എഡിജിപി എസ്.ശ്രീജിത്തിനു നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി. പരാതികൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച റിപ്പോർട്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ റദ്ദാക്കിയത്. ശ്രീജിത്തിന്റെ അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, യൂണിഫോമിൽ യുഎയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതികൾ എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന നൽകിയ പരാതികളാണ് കേസിന് ആധാരം.പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഏപ്രിലിൽ സർക്കാരിനു നിർദേശം നൽകിയിരുന്നു. എന്നാൽ തന്നെയും ആരോപണവിധേയനായ ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയ ശേഷമാണ് ആരോപണങ്ങൾ വ്യാജമാണെന്ന റിപ്പോർട്ട് സമർപ്പിച്ചത് എന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് നീതിപൂർവമായ നടപടിയല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, പരാതിക്കാരനു സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി. റിപ്പോർട്ട് റദ്ദാക്കിയ കോടതി, ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വീണ്ടും വ്യക്തിഗത ഹിയറിങ് നടത്താനും നിർദേശിച്ചു. വിജിലൻസ് സമർപ്പിച്ച രേഖകൾ കൂടി പരിഗണിച്ച് മൂന്ന് ആഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാനും ആഭ്യന്തര വകുപ്പിനു കോടതി നിർദേശം നൽകി.
Fashion ⏭️

