NEWS
പലിശഭാരം കൂട്ടാൻ യുഎസ് ഫെഡ്; 3 വർഷത്തിനിടെ ആദ്യം, ഒന്നിച്ച് മുന്നേറി ഡോളറും സ്വർണവും, അപൂർവങ്ങളിൽ അപൂർവം

UPDATE AT 10.20PM ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അൽപസമയത്തിനകം നിർണായക പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് നിലവിലെ 3.50-3.75 ശതമാനത്തിൽ നിന്ന് 0.25% ഉയർത്തി 3.75-4.00 ശതമാനമാക്കുമെന്നാണ് നിരീക്ഷകർ 90 ശതമാനവും വിലയിരുത്തുന്നത്. പലിശനിരക്ക് കൂട്ടിയാൽ അത് 2023 ജൂലൈക്ക് ശേഷം ആദ്യത്തെ വർധനയായിരിക്കും. 2023 ജൂലൈക്ക് ശേഷം ഫെഡറൽ റിസർവ് 6 തവണ പലിശനിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. ഇങ്ങനെ 1.75% ഇളവ് വരുത്തി. 22 വർഷത്തെ ഉയരം ∙ 2023 ജൂലൈയിൽ 0.25% പലിശനിരക്ക് കൂട്ടി 5.25-5.50 ശതമാനമാക്കിയിരുന്നു. 2001ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു അത്. അതായത്, 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശനിരക്ക്. എന്തുകൊണ്ട് പലിശനിരക്ക് കൂട്ടും? പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളറും കടന്നു മുന്നേറിയതിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. റീട്ടെയ്ൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ഫെഡറൽ റിസർവിന്റെ ലക്ഷ്യമെന്നിരിക്കേ, ഓഗസ്റ്റിൽ ഇത് 3.4 ശതമാനമാണ്. ജൂലൈയിൽ 3.3 ശതമാനമായിരുന്നു. ∙ അമേരിക്കയിൽ ഡീസൽ വില ഗാലന് 6 ഡോളറും ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. പെട്രോൾ വില 4 ഡോളറും കടന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. ∙ പണപ്പെരുപ്പം ഇനിയും കൂടാനാണ് സാധ്യതയെന്ന് ഫെഡറൽ റിസർവ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായി പലിശനിരക്ക് കൂട്ടേണ്ടത് അനിവാര്യമാണെന്ന് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയിലെ ഒട്ടുമിക്ക അംഗങ്ങളും കരുതുന്നുമുണ്ട്. ∙ യുഎസിൽ കഴിഞ്ഞമാസം പുതിയ തൊഴിലുകളുടെ എണ്ണം 65,000 പ്രതീക്ഷിച്ചിടത്ത് 1.62 ലക്ഷത്തിൽ എത്തിയിരുന്നു. അതായത്, യുഎസ് സമ്പദ്വ്യവസ്ഥ ശക്തമാണെന്ന് ഇതു സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തോടുള്ള യുദ്ധം പുനരാരംഭിക്കാമെന്നും സമ്പദ്വ്യവസ്ഥയെ അതു ബാധിക്കില്ലെന്നും യുഎസ് ഫെഡ് വിലയിരുത്തുന്നുണ്ട്. പലിശനിരക്ക് കൂട്ടിയാൽ എന്ത്? ∙ പലിശനിരക്ക് കൂട്ടിയാൽ അമേരിക്കയിൽ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെയും ക്രെഡിറ്റ് കാർഡിന്റെയും പലിശനിരക്ക് ഉയരും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്കും കൂടും. ∙ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് കിട്ടുന്ന ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കൂടും. 10-വർഷ ട്രഷറി യീൽഡ് ഇതിനകം 5 ശതമാനം ഭേദിച്ചുകഴിഞ്ഞു. ∙ ട്രഷറി നിക്ഷേപത്തിലേക്കും ബാങ്ക് നിക്ഷേപത്തിലേക്കും നിക്ഷേപമൊഴുകുമെന്ന പ്രതീക്ഷമൂലം ഡോളറും കുതിച്ചു. യുഎസ് ഡോളർ ഇൻഡക്സ് 0.10% ഉയർന്ന് 99.71ൽ എത്തി. ലോകത്തിന് എന്ത് പ്രതിസന്ധി? യുഎസ് പലിശനിരക്ക് കൂട്ടിയാൽ അതിന്റെ പ്രതിഫലനം ലോകത്തിന്റെ മറ്റിടങ്ങളിലുമുണ്ടാകും. യൂറോപ്പിലെയും ഏഷ്യയിലെയും മുൻനിര കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് കൂട്ടാം. ഇന്ത്യയിലും പണപ്പെരുപ്പം പരിധിവിട്ടതിനാൽ റിസർവ് ബാങ്ക് ഒക്ടോബറിലും ഡിസംബറിലും റീപ്പോനിരക്ക് കൂട്ടുമെന്ന വിലയിരുത്തലുകളുണ്ട്. ∙ യുഎസ് ഫെഡിന്റെ നയത്തെയും യുഎസ് ഡോളറിന്റെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് യുഎഇ അടക്കം പ്രമുഖ ജിസിസി രാഷ്ട്രങ്ങളടെ കേന്ദ്രബാങ്ക് നയവും കറൻസി മൂല്യവുമുള്ളത്. ഗൾഫ് രാഷ്ട്രങ്ങളിലും പലിശനിരക്ക് ഉയരും. ഗൾഫ് കറൻസികളുടെ മൂല്യവും ഉയരും. രൂപ താഴും. യുഎഇ ദിർഹവും സൗദി റിയാലുമൊക്കെ മുന്നേറും. ∙ യുഎസ് ട്രഷറി നിക്ഷേപത്തിലേക്ക് വലിയ ലാഭം ലക്ഷ്യമിട്ട് നിക്ഷേപമൊഴുകും. ഇത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് ഓഹരി-കടപ്പത്ര വിപണികളിലെ വിദേശ നിക്ഷേപം നഷ്ടമാകാൻ ഇടവരുത്തും. സ്വർണവിലയും കൂടുന്നു? എങ്ങനെ? സാധാരണ യുഎസിൽ പലിശനിരക്ക് കൂടുമെന്ന പ്രതീതി ഉണ്ടായാലോ പിന്നീട് കൂട്ടിയാലോ സ്വർണവില ഇടിയേണ്ടതാണ്. കാരണങ്ങൾ ഇങ്ങനെ. ഒന്ന്, സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ പലിശ പോലെയുള്ള നേട്ടമില്ല. വില ഉയർന്നാൽ മാത്രമാണ് നിക്ഷേപകർക്ക് ലാഭമുണ്ടാവുക. പലിശ കൂടുമ്പോൾ ബാങ്ക് നിക്ഷേപവും ട്രഷറി നിക്ഷേപവും ആകർഷകമാകും. ഉയർന്ന പലിശ/യീൽഡ് നേടാം. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് പിന്മാറി പണം ബോണ്ടിലേക്കും ബാങ്കിലേക്കും മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കും; വില ഇടിയും. രണ്ട്, ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം. ഡോളർ ശക്തമായാൽ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽനിന്ന് സ്വർണത്തിനുള്ള ഇറക്കുമതി ഡിമാൻഡ് ഇടിയും. ഇതും വിലയെ താഴേക്ക് നയിക്കും. എന്നാലിപ്പോൾ, ഡോളർ കൂടിയിട്ടും സ്വർണവും ഉയരുകയാണ്. ഇങ്ങനെ സംഭവിക്കുന്നത് അത്യപൂർവമാണ്. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡോയിൽ വിലവർധന, ഡോളറിന്റെയും ബോണ്ടിന്റെയും മുന്നേറ്റം, കറൻസി വിപണിയുടെ അസ്ഥിരത, രാജ്യങ്ങൾ തമ്മിലെ നയതന്ത്ര തർക്കങ്ങൾ തുടങ്ങിയ പ്രതികൂലാവസ്ഥയുടെ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ സ്വർണത്തെ കാണുകയും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതുമാണ് വില കൂടാൻ കാരണം. രാജ്യാന്തര സ്വർണവില ഔൺസിന് 54 ഡോളർ ഉയർന്ന് 4347 ഡോളറിലാണ് ഇപ്പോഴുള്ളത്. ക്രൂഡോയിൽ വില ഇടിഞ്ഞു കഴിഞ്ഞദിവസങ്ങളിൽ കത്തിക്കയറിയ ക്രൂഡോയിൽ വില ഇപ്പോൾ വലിയതോതിൽ താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിൽ നിന്ന് 3% ഇടിഞ്ഞ് 105.5 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 3.65% ഇടിഞ്ഞ് 102 ഡോളറുമായി. ∙ ഹൂതികളുടെ ആക്രമണത്തിൽ സൗദി അറേബ്യയുടെ തന്ത്രപ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് സാരമായ കേടുപാട് പറ്റുകയും പ്രവർത്തനം നിർത്തുകയും ചെയ്തതാണ് കഴിഞ്ഞദിവസം വില കൂടാനിടയാക്കിയത്. ∙ എന്നാൽ, കേടുപാടൊക്കെ ഉടൻ തീർത്ത് ഏതാനും ദിവസത്തിനകം പൈപ്പ്ലൈൻ വീണ്ടും സജീവമാകുമെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് ഒരു മാധ്യമത്തോട് പറഞ്ഞതിന് പിന്നാലെ ക്രൂഡോയിൽ വില ഇടിയുകയായിരുന്നു. യുഎസ് ഓഹരികൾ നേട്ടത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടുമൊരു പലിശകൂട്ടൽ കാലഘട്ടത്തിലേക്ക് കടക്കുന്നുവെന്ന വിലയിരുത്തൽ ശക്തമായിട്ടും യുഎസ് ഓഹരി വിപണി പൊതുവേ നേട്ടത്തിലാണ് ഇപ്പോഴുള്ളത്. എസ് ആൻഡ് പി500 സൂചിക 0.33% ഉയർന്നു. നാസ്ഡാക് 0.9 ശതമാനവും നേട്ടത്തിലാണുള്ളത്. ഡൗ ജോൺസ് നേരിയ നഷ്ടത്തിലും. ∙ ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശനിരക്ക് കൂട്ടിയില്ലെങ്കിൽ അത് യുഎസ് ഫെഡിന്റെയും യുഎസ് സമ്പദ്വ്യവസ്ഥയുടെയും വിശ്വാസ്യത തകർക്കുമെന്ന വിലയിരുത്തലുണ്ട്. അതായത്, ഇപ്പോഴൊരു പലിശ വർധനയെ വിപണിയും അനുകൂലിക്കുന്നു. ∙ എഐ അധിഷ്ഠിത ഓഹരികളുടെ മുന്നേറ്റമാണ് ഓഹരികളെ നേട്ടത്തിലേറ്റിയ മറ്റൊരു ഘടകം. ദക്ഷിണ കൊറിയൻ ചിപ് നിർമാതാക്കളായ എസ്കെ ഹൈനിക്സ് യുഎസിൽ മെമ്മറി ചിപ്പുകൾ നിർമിക്കാൻ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകളാണ് എഐ ഓഹരികളെ കുതിപ്പിലാക്കിയത്. ഇന്റലുമായി ചേർന്നാകും പദ്ധതി. ഇന്റൽ, എസ്കെ ഹൈനിക്സ്, എഎംഡി, എൻവിഡിയ എന്നിവ 1-5% മുന്നേറി. ട്രംപും കെവിനും തമ്മിൽ തെറ്റും? യുഎസ് ഫെഡിന്റെ മുൻ ഗവർണർ ജെറോം പവലുമായി കടുത്ത ഭിന്നതയിലായിരുന്നു ട്രംപ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാൻ പവൽ തയാറാകാത്തതായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. പവലിന്റെ ചെയർമാൻ സ്ഥാന കാലാവധി തീർന്നതോടെ ട്രംപ് തന്റെ വിശ്വസ്തനായ കെവിൻ വാർഷിനെ ആ പദവിയിൽ നിയമിച്ചു. കെവിൻ നേരത്തേ പലിശനിരക്ക് കൂട്ടി പണപ്പെരുപ്പം നിയന്ത്രിക്കണമെന്ന് വാദിച്ചിരുന്നയാളാണ്. എന്നാൽ, ട്രംപിനൊപ്പം ചേർന്നതോടെ നിലപാട് മാറ്റി. പലിശനിരക്ക് കുറയ്ക്കണമെന്നും ലോകത്ത് പലിശഭാരം ഏറ്റവും കുറവുള്ള രാജ്യമാകണം യുഎസ് എന്നുമാണ് ട്രംപിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ ഇപ്പോൾ കെവിൻ വാർഷ് പലിശനിരക്ക് കൂട്ടിയാൽ ട്രംപിനത് വലിയ ആഘാതമാകും. കെവിനുമായും തെറ്റാൻ അതിടവരുത്തുകയും ചെയ്യും. Updating…
Fashion ⏭️


