പിണറായി വിജയൻ ഇപ്പോഴും പവർഫുൾ; വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ

പിണറായി വിജയൻ (ഫോട്ടോ: അജയ് മധു)
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സ്‌നേഹം ഒരിക്കലും മറക്കില്ലെന്നും രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണുള്ളതെന്നും സിപിഎം മുൻ നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരൻ. പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിക്കുന്നതിനിടെയാണ് ജി സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘പിണറായി വിജയൻ ഇപ്പോഴും പവർഫുള്ളാണ്. അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നവുമില്ല. എന്നാൽ മുൻപത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ്. മുൻപ് അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങളെപ്പോലെയുള്ളവർ കൂടെയുണ്ടായിരുന്നു. കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടാണ് ഇന്ന് പിണറായി വിജയനുള്ളത്.
എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണം. തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണം. അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകും. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് ഞാൻ വർഗവഞ്ചകനാകുന്നത്. എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗവഞ്ചകൻ. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെയെന്ന ചിന്തയാണുള്ളത്. പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേ?
എം വി ഗോവിന്ദൻ പറയുന്നത് ആർക്കെങ്കിലും മനസിലാകുന്നുണ്ടോ? വായടക്കുന്നതാണ് അയാൾക്ക് നല്ലത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദന് പാർട്ടിയെ നയിക്കാനുള്ള കെൽപ്പില്ല. അയാൾ വെറുമൊരു അധികപ്പറ്റാണ്’- ജി സുധാകരൻ വിമർശിച്ചു.
Source link
NEWS
Read News
Read News✅


