NEWS

ബിസിനസ് വായ്പ ലഭിക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ: നിർദ്ദേശങ്ങളുമായി സുപ്ര സിഇഒ മനോജ് രവി

ഇന്നത്തെ കാലഘട്ടത്തിൽ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ബിസിനസിലേക്ക് മൂലധനം സമാഹരിക്കാൻ സാധിക്കുമെന്ന് സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി അഭിപ്രായപ്പെട്ടു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ‘എംഎസ്എംഇകൾക്കുള്ള ഫണ്ടിങ് വഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് പുത്തൻ ആശയങ്ങളില്ലാത്ത പരമ്പരാഗത ബിസിനസ് രീതികൾക്ക് നിലനിൽപ്പ് ബുദ്ധിമുട്ടാണ്. ബിസിനസ് വിപുലീകരണത്തിൽ ഫണ്ടിംഗിന് നിർണ്ണായക സ്ഥാനമാണുള്ളത്. ഈടുനൽകേണ്ടതില്ലാത്ത വായ്പകളും പലിശരഹിത സഹായങ്ങളും ഇന്ന് ലഭ്യമാണെങ്കിലും, ഇത്തരം സൗകര്യങ്ങൾ ലഭിക്കാൻ സംരംഭകർ ചില പ്രത്യേക നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

തന്റെ സ്ഥാപനത്തിന് ദിനംപ്രതി നിരവധി വായ്പാ അപേക്ഷകൾ ലഭിക്കാറുണ്ടെന്നും, എന്നാൽ അതിൽ മൂന്നു മുതൽ അഞ്ചു ശതമാനം അപേക്ഷകൾക്ക് മാത്രമാണ് അംഗീകാരം നൽകാൻ കഴിയാറുള്ളതെന്നും മനോജ് രവി വെളിപ്പെടുത്തി. ബാക്കി വരുന്ന 97 ശതമാനം അപേക്ഷകളും നിരസിക്കപ്പെടുകയാണ് പതിവ്. ഫണ്ടിങ് നേടുന്നതിന് ആവശ്യമായ അടിസ്ഥാനപരമായ ധാരണകളുടെ കുറവാണ് സംരംഭകർക്ക് വിനയാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

∙ സംരംഭകരുടെ ഫണ്ടിങ് യാത്ര

മറ്റുള്ളവരിൽ നിന്ന് വായ്പയോ സഹായമോ തേടുന്നതിന് മുൻപ്, ബിസിനസിലുള്ള ആത്മവിശ്വാസം തെളിയിക്കുന്നതിനായി സ്വന്തം പണം ആദ്യം നിക്ഷേപിക്കുക. തുടക്കത്തിലുള്ള ബിസിനസുകൾക്ക് ഗ്രാന്റുകളും ഇൻകുബേഷൻ ഫണ്ടുകളും പ്രയോജനപ്പെടുത്താവുന്നതാണ്. സാങ്കേതികമായി വികസിക്കുന്ന ഘട്ടത്തിൽ ഇക്വിറ്റി ഗ്രാന്റുകൾ ഉപയോഗിക്കാം. യന്ത്രസാമഗ്രികൾ വാങ്ങാൻ ടേം ലോണുകളും, ദൈനംദിന പ്രവർത്തനങ്ങൾക്കും ഇൻവെന്ററികൾക്കും വർക്കിങ് ക്യാപിറ്റൽ ലോണുകളും ഉപയോഗിക്കാം. ഹ്രസ്വകാല ഫണ്ടുകൾ ഉപയോഗിച്ച് ദീർഘകാല സ്വഭാവമുള്ള ആസ്തികൾ വാങ്ങുന്ന അബദ്ധം ഒഴിവാക്കണം. യന്ത്രങ്ങൾ വാങ്ങുന്നത് പോലുള്ള ദീർഘകാല ആവശ്യങ്ങൾക്ക് പ്രവർത്തന മൂലധനത്തെ ആശ്രയിക്കാതെ, ദീർഘകാലാടിസ്ഥാനത്തിലുള്ള ഫണ്ടിങ് തന്നെ കണ്ടെത്താൻ ശ്രദ്ധിക്കണമെന്നും മനോജ് വ്യക്തമാക്കി.

∙ വായ്പ തേടും മുൻപ് സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ

ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുന്നതിന് മുൻപ് സംരംഭകർ തങ്ങളോട് തന്നെ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്: ആവശ്യമായ തുക എത്രയാണ്? തുക കൃത്യമായി എന്തിനാണ് ഉപയോഗിക്കുന്നത്? ഈ മൂലധനം വഴി ലഭിക്കാൻ പോകുന്ന ലാഭം എത്രയാണ്? തിരിച്ചടവിനുള്ള കൃത്യമായ വരുമാന സ്രോതസ്സ് എന്താണ്? നിശ്ചയിച്ച ആറു മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെങ്കിൽ അടുത്ത പദ്ധതിയേതാണ്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണം.

∙ വായ്പാദാതാക്കൾ പരിശോധിക്കുന്ന ഘടകങ്ങൾ

വായ്പ നൽകുന്നതിന് മുൻപ് സംരംഭകന്റെ വിശ്വാസ്യത, അനുഭവസമ്പത്ത്, ആത്മാർത്ഥത എന്നിവയാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്. 1. സാമ്പത്തിക അച്ചടക്കം: ജിഎസ്‌ടി ഫയലിംഗ്, ഓഡിറ്റ് ചെയ്ത കണക്കുകൾ, കൃത്യമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ അനിവാര്യമാണ്. 2. ഉദ്യം (Udyam) റജിസ്ട്രേഷൻ: എംഎസ്എംഇകൾ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. 3. പ്രൊമോട്ടർ വിഹിതം: ആകെ മൂലധനത്തിന്റെ 30 മുതൽ 35 ശതമാനം വരെ സംരംഭകന്റെ സ്വന്തം നിക്ഷേപമായിട്ടുണ്ടെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 4. സിബിൽ സ്കോർ: 700 മുതൽ 800 വരെ സ്കോർ നിലനിർത്തുന്നത് വായ്പ വേഗത്തിൽ ലഭിക്കാൻ സഹായിക്കും.

∙ സ്റ്റാർട്ടപ്പുകളുടെ വളർച്ചയും ഫണ്ടിങ്ങും

വിവിധ ഘട്ടങ്ങളിലൂടെയാണ് ഒരു സ്റ്റാർട്ടപ്പിന്റെ വളർച്ച കടന്നുപോകുന്നത്. ആദ്യഘട്ടത്തിൽ ഗ്രാന്റുകളും ഇൻകുബേഷൻ ഫണ്ടുകളും തേടാവുന്നതാണ്. പിന്നീട് വെഞ്ച്വർ ക്യാപിറ്റൽ, ഡെബ്റ്റ് ഫണ്ടുകൾ, സ്ഥാപനപരമായ ഇക്വിറ്റി എന്നിവയുടെ സഹായവും തേടാം.

∙ സർക്കാരിന്റെ സാമ്പത്തിക പിന്തുണയും ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികളും

എംഎസ്എംഇകൾക്ക് പ്രയോജനപ്പെടുത്താവുന്ന നിരവധി സർക്കാർ പദ്ധതികളുണ്ട്: 1. CGTMSE/CGSS: വായ്പകൾക്ക് ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതി പല സംരംഭകരും വേണ്ടത്ര ഉപയോഗിക്കുന്നില്ല. 2. പിഎംഇജിപി: പുതിയ സൂക്ഷ്മ സംരംഭങ്ങൾക്ക് സബ്‌സിഡിയോടെയുള്ള വായ്പകൾ നൽകുന്നു. 3. മുദ്ര വായ്പകൾ: ഈടില്ലാതെ ചെറിയ സംരംഭങ്ങൾക്ക് പണം കണ്ടെത്താം. 4. സ്റ്റാൻഡ്-അപ്പ് ഇന്ത്യയും എസ്ആർഐ ഫണ്ടും: വനിതാ സംരംഭകർക്കും മറ്റും പ്രത്യേക പരിഗണന നൽകുന്നവയാണിവ. ശരിയായ സമയത്ത്, അനുയോജ്യമായ ചെലവിൽ, ആവശ്യമായ തുക കണ്ടെത്തുകയെന്നതാണ് ഫണ്ടിംഗിലെ വിജയമെന്ന് മനോജ് രവി ഓർമ്മിപ്പിച്ചു. വായ്പയുടെ കാലാവധിയും ഉപയോഗവും തമ്മിൽ കൃത്യമായ പൊരുത്തം ഉണ്ടായിരിക്കണം. വായ്പാ ചെലവുകൾ താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുക. ബിസിനസ് വളർച്ചയ്ക്ക് മാത്രം വായ്പകൾ ഉപയോഗിക്കുക, പ്രതിസന്ധികൾ താൽക്കാലികമായി മറികടക്കാൻ കടം വാങ്ങുന്ന രീതി ഒഴിവാക്കുക. സർക്കാർ തലത്തിലെയും ബാങ്കിംഗ് മേഖലയിലെയും അവസരങ്ങൾ കൃത്യമായി അറിഞ്ഞാൽ ഏത് സംരംഭകനും തന്റെ ബിസിനസിനെ ഉയരങ്ങളിലെത്തിക്കാമെന്ന് മനോജ് രവി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button