NEWS
ദുബായിൽ ഗായകനെയും സംഘത്തെയും വലയിലാക്കിയ ‘വലിയ തെറ്റ്’: അബദ്ധം പറ്റിയ പ്രവാസികൾക്ക് ‘പുനർജന്മം’, കാരുണ്യത്തിന്റെ കൈത്താങ്ങ്

ദുബായ്∙ താമസ-വീസ നിയമലംഘനങ്ങളിലോ അബദ്ധങ്ങളിലോ പെട്ടുപോയ ശേഷം തെറ്റ് തിരുത്താനും നിയമവിധേയമായി ജീവിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പൂർണ പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ). തങ്ങളെ സമീപിക്കുന്നവരെ കൃത്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി പുതിയൊരു ജീവിതത്തിലേക്ക് നയിക്കാനാണു വകുപ്പ് എന്നും മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ജിഡിആർഎഫ്എ ദുബായ് ഹെഡ് ഓഫിസിൽ വ്യാജ ഫ്രീലാൻസ് വീസകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിഞ്ഞോ അറിയാതെയോ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവരുമ്പോൾ അവരെ പൂർണമായി പിന്തുണയ്ക്കുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും തങ്ങളെ സമീപിക്കുന്ന ആർക്കും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. ശരിയായ രീതിയിൽ ജീവിതം വീണ്ടും ആരംഭിക്കും വരെ അവർക്കൊപ്പം ജിഡിആർഎഫ്എ ഉണ്ടാകും. അതേസമയം, അനധികൃത വീസ തട്ടിപ്പുകൾക്കെതിരെ ദുബായ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ ഫ്രീലാൻസ് വീസകൾ പ്രൊമോട്ട് ചെയ്യുകയും വിൽപന നടത്തുകയും ചെയ്ത ഒരു ഗായകനെയും സഹായികളെയും കഴിഞ്ഞ ദിവസം ദുബായ് പൊലീസുമായി സഹകരിച്ച് ജിഡിആർഎഫ്എ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഘങ്ങൾക്കെതിരെയും താമസ-വീസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.
Fashion ⏭️


