‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്, അത് എന്നെക്കുറിച്ചല്ല എന്ന ഉറച്ചബോദ്ധ്യമുണ്ട്’; പ്രതികരിച്ച് ദിവ്യ എസ് അയ്യർ

anupama
തിരുവനന്തപുരം: തദ്ദേശവകുപ്പിൽ ഉദ്യോഗസ്ഥ പോര് നടക്കുന്നുവെന്ന വാർത്തകൾ തള്ളി ദിവ്യ എസ് അയ്യർ. ‘പോരും ഇല്ല, പോരാത്തതിന് മത്സരവും ഇല്ല’, എന്നാണ് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അവർ കുറിച്ചു.
മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇതുവരെ പഴിചാരി കേട്ടിട്ടുള്ളു. ഇപ്പോൾ പോര്, മത്സരം എന്ന് കേൾക്കുമ്പോൾ അത് എന്നെക്കുറിച്ചല്ല, അത് ഞാനല്ല എന്ന ഉറച്ചബോദ്ധ്യം മനസിൽ തെളിയുന്നുണ്ട്. ഞങ്ങൾക്ക് തോന്നാത്ത വികാരമാണിവ. വ്യക്തമായ നിർദേശം ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ടെന്നതാണ് സത്യമെന്നും ദിവ്യ എസ് അയ്യർ കുറിച്ചു. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണമെന്നും അവർ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ തദ്ദേശ വകുപ്പിന്റേതായി ടി വി അനുപമയും ദിവ്യ എസ് അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പിൽ ഉദ്യോഗസ്ഥപ്പോര് രൂക്ഷമെന്ന വാർത്തകൾ പുറത്തുവന്നത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമ ‘നിർമലം’ എന്ന പേരിലും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലുമാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
പോരും ഇല്ലാ…
പോരാത്തതിനു മത്സരവും ഇല്ലാ…
മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇതുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓർമ്മയുള്ളൂ.
ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു; ‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’. അത് മാത്രമാണ് പോര്.
RELATED TOPICS: DIVYA S IYER, KERALA LOCAL SELF GOVERNMENT DEPARTMENT, TV ANUPAMA NIRMALAM PROJECT, IC 100 CHALLENGE, DIVYA S IYER INSTAGRAM POST
Read News ⏭️




