കേരളത്തിലെ തിരഞ്ഞെടുപ്പിൽ എസ്ഐആർ ബാധിച്ചോ? ഇല്ലെന്ന് ശൈലജ, ഉണ്ടെന്ന് ബാലഗോപാൽ, സിപിഎമ്മിൽ ഭിന്നാഭിപ്രായം

കെകെ ശൈലജ, കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആർ ബാധിച്ചോ എന്നത് സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായ വ്യത്യാസം. വോട്ടർ പട്ടിക പരിഷ്കരണമാണ് എൽഡിഎഫിന്റെ പരാജയകാരണമെന്ന് പറയാൻ കഴിയില്ലെന്ന് കെകെ ശൈലജ പ്രതികരിച്ചപ്പോൾ എസ്ഐആർ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നാണ് കെഎൻ ബാലഗോപാൽ പറയുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ രാജ്യത്ത് എസ്ഐആറിനെക്കുറിച്ചും ചർച്ചകൾ ഉയരുകയാണ്.
എസ്ഐആറിനെ യുഡിഎഫ് ഉപയോഗപ്പെടുത്തിയത് മറ്റൊരു വിധത്തിലാണെന്ന് കെകെ ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു. അനധികൃതമായി വോട്ട് ചേർക്കാൻ അവർ പലപ്പോഴും തയ്യാറായിട്ടുണ്ട്. പ്രത്യേക വിഭാഗം വോട്ടർപട്ടികയിൽ നിന്ന് ഒഴിവായാൽ നാളെ വോട്ടവകാശം ഉണ്ടാവില്ലെന്ന ഭീതി അവരിൽ ഉയർത്തിയിട്ടുണ്ട്. അക്കാര്യത്തെ പ്രതിരോധിക്കാനാണ് ഇടതുപക്ഷം ശക്തമായി ശ്രമിച്ചത്. എന്നാൽ ഇടതുപക്ഷത്തിനെതിരെ ഒരു വ്യാജ പ്രതീതി പരത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എസ്ഐആർ അല്ല പരാജയകാരണം. എസ്ഐആറിനെ പ്രതിരോധിക്കാൻ യഥാർത്ഥ മാർഗം സ്വീകരിച്ച് ഇടതുപക്ഷത്തൊപ്പം യുഡിഎഫ് നിന്നില്ലെന്നത് ഒരു വിഷയമാണെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലടക്കം വോട്ടർ പട്ടിക പരിഷ്ക്കരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നാണ് സിപിഎം നേതാവ് കെ.എൻ ബാലഗോപാൽ പറയുന്നത്. ഇത് സാധൂകരിക്കുന്ന കണക്കുകൾ ഉദ്ധരിച്ചുള്ള പഠന റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപിയുടെ വിജയത്തിലും അത് പ്രതിഫലിച്ചു. അല്ലാതെയും കോൺഗ്രസ് വോട്ട് മറിച്ചിട്ടുണ്ട്. എസ്ഐആറിന്റെ ആനുകൂല്യം യുഡിഎഫിനും ബിജെപിക്കും കിട്ടിയിട്ടുണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഇതിന്റെ ആനുകൂല്യം കിട്ടുമെന്നും ബാലഗോപാൽ ആരോപിച്ചു.
ഇതിനിടെ, കേരളത്തിലെ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടാണെന്നും കേരളത്തിലേതും അട്ടിമറിയാണെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ എങ്ങനെ കഴിഞ്ഞുവെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പ് ആ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. എസ്ഐആർ ഉണ്ടായിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെയാണെന്ന് സിജെപി അദ്ധ്യക്ഷൻ അഭിജീത് ദീപ്കെ ആരോപിച്ചതിന് പിന്നാലെയാണ് ഇത്തരം ചർച്ചകൾ ഉയർന്നത്.
RELATED TOPICS: KERALA ELECTION SIR, SIR IMPACT KERALA, K K SHAILAJA, K N BALAGOPAL, CPM SIR CONTROVERSY
Read News ⏭️




