NEWS
വൻലാഭം വാഗ്ദാനം ചെയ്ത് ‘പ്രധാനമന്ത്രി’; വിഡിയോ കെണിയായി, യുവാവിന് 7.66 ലക്ഷം നഷ്ടം

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരുടെ ഡീപ് ഫെയ്ക് വിഡിയോ ഉപയോഗിച്ചുള്ള നിക്ഷേപ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിയായ യുവാവിന് 7.66 ലക്ഷം രൂപ നഷ്ടപ്പെട്ടു. ജൂലൈ 10നു സമൂഹമാധ്യമങ്ങളിലാണു മോദി, നിർമല സീതാരാമൻ, സുധ മൂർത്തി തുടങ്ങിയവരുടെ ഡീപ് ഫെയ്ക് വിഡിയോ കണ്ടത്.ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഓൺലൈൻ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതായിരുന്നു വിഡിയോ. ഇതു വിശ്വസിച്ച യുവാവ് ലിങ്ക് തുറന്ന് ആദ്യം 22,000 രൂപ നിക്ഷേപിച്ചു. തുടർന്നു തട്ടിപ്പു സംഘം ഫോണിൽ ബന്ധപ്പെട്ടു കൂടുതൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് അറിയിച്ചു. ഇങ്ങനെ പല തവണയായി 7.66 ലക്ഷം രൂപ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.
Fashion ⏭️




