NEWS

സി.പി.എം നേതൃയോഗങ്ങൾ ഇന്ന് മുതൽ; നേതാക്കളുടെ പരസ്യ വിമർശനം ചർച്ചയാകും 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള വിശാല സംസ്ഥാന സമിതി യോഗത്തിന്റെ ഘടനയും തീയതിയും ഇന്ന് തുടങ്ങുന്ന സി.പി.എം നേതൃയോഗങ്ങളിൽ തീരുമാനിക്കും. തിരഞ്ഞെടുപ്പ് അവലോകനം നടത്തിയ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും.

ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റെന്നാളും സംസ്ഥാന സമിതിയും ചേരും. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. ഇതും ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ പാർട്ടി നേൃതത്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ നടത്തിയ പരസ്യ പ്രസ്താവനയും ചർച്ചയാകും. മുതിർന്ന നേതാക്കൾ നടത്തിയ പ്രസ്താവനകൾ പാർട്ടിയിൽ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പരസ്യ പ്രസ്താവന വിമർശന വിധേയമായെങ്കിലും ഇ.പി പങ്കെടുത്തിരുന്നില്ല.

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നേതൃ യോഗങ്ങളിൽ തീരുമാനിക്കും. ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദത്തിലും ചർച്ചയുണ്ടാകും. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച് കഴിഞ്ഞ ചർച്ചയിൽ സി.പി.ഐ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യും. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കേണ്ടെന്നാണ് സി.പി.എമ്മിന്റെ നിലപാട്. എൽ.ഡി.എഫ് യോഗം വിളിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ചർച്ച ചെയ്യാൻ സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന്റെ തീയതി, ഘടന, ഓരോ ജില്ലയിൽ നിന്നും പങ്കെടുക്കേണ്ട പ്രതിനിധികൾ എന്നിവ സംബന്ധിച്ചും തീരുമാനമെടുക്കും.

Read News ⏭️

Back to top button