NEWS
ഗൂഡല്ലൂരിലെ ജന്മം ഭൂമിയിലുള്ള ഓവാലി പഞ്ചായത്തിൽ ആളുകൾ കുറയുന്നതിന് കാരണമെന്ത്? എങ്ങനെ പരിഹരിക്കും

ഗൂഡല്ലൂർ ∙ ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ജന്മം ഭൂമിയിൽപെട്ടതാണ്. ഇതു കാരണമുള്ള നിയന്ത്രണങ്ങളിൽ പഞ്ചായത്തിലെ ജനങ്ങൾ മനംമടുത്തിരിക്കുന്നു. 10 വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിൽ 25,000ത്തിനടുത്ത് ആളുകളാണുണ്ടായിരുന്നത്. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അത് 15,000ത്തിൽ താഴെയായെന്ന് ഓവാലി പഞ്ചായത്തംഗം എം.കെ.ഷാജി പറയുന്നു. വോട്ടർപട്ടിക ഉദ്ധരിച്ചാണ് ഷാജി ഇതു പറയുന്നത്. പ്രദേശത്തെ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായി ഇവിടെയുണ്ടായിരുന്നത്.1995ൽ നിലമ്പൂർ കോവിലകത്തെ ഗോദവർമൻ തിരുമുൽപാട് ഗൂഡല്ലൂരിൽ വനനശീകരണം കൂടുതലായി നടക്കുന്നെന്നു കാണിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹർജി പരിഗണിച്ച സുപ്രീം കോടതി എംപവർ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി ഗൂഡല്ലൂർ സന്ദർശിച്ച ശേഷം ജന്മം ഭൂമിയിലെ തീർപ്പാകാത്ത പ്രദേശത്ത് വൈദ്യുതി നൽകരുതെന്നതടക്കം കടുത്ത ശുപാർശകൾ മുന്നോട്ടു വച്ചു. ഇത് അംഗീകരിച്ച കോടതി രാജ്യത്താകമാനം വനങ്ങളിലും ?1980ലെ വനസംരക്ഷണ നിയമപ്രകാരം വനത്തിന്റെ സ്വഭാവമുള്ള ഭൂമിയിലും മരം മുറിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ തോട്ടം വികസനമുൾപ്പെടെ പ്രതിസന്ധിയിലായി. ഇതോടെ പഞ്ചായത്തിന്റെ സ്വാഭാവിക വികസനം തടസ്സപ്പെട്ടതായി നാട്ടുകാർ പറയുന്നു.
Fashion ⏭️


