NEWS
മുഖ്യമന്ത്രിയുടെ വിമാനയാത്ര: ബിൽ 19.88 ലക്ഷം; അടയ്ക്കേണ്ടത് ചിപ്സൺ ഏവിയേഷൻ

തിരുവനന്തപുരം ∙ മലപ്പുറത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിന്റെ ബിൽ അടയ്ക്കേണ്ടത് സർക്കാരിനു വേണ്ടി ഹെലികോപ്റ്റർ കരാർ ഏറ്റെടുത്തിരുന്ന ചിപ്സൺ ഏവിയേഷൻ. കർണാടകയിലെ കോൺഗ്രസ് മന്ത്രി കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതാണ് വിമാനം. ഇൗ വിമാനം പറത്തുന്നതിന്റെ ചുമതലയുള്ള ചിപ്സൺ ഏവിയേഷന് 19.88 ലക്ഷം രൂപയുടെ ഇൻവോയ്സ് കേളചന്ദ്ര ഏവിയേഷൻ കൈമാറി.കഴിഞ്ഞ ശനിയാഴ്ച അവസാനിച്ച ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും.പകരം വിമാനം ലഭ്യമാക്കിയതിനു സർക്കാരിനു പണം നൽകാമായിരുന്നെങ്കിലും 20 ലക്ഷത്തോളം രൂപയുടെ യാത്രച്ചെലവ് വിവാദം സൃഷ്ടിക്കുമെന്നതിനാൽ സ്പോൺസർഷിപ് മതിയെന്നു തീരുമാനിച്ചെന്നാണ് സൂചന. ആ തീരുമാനം വിവാദമാവുകയും ചെയ്തു. ചെലവായ തുക വഹിക്കുക ചിപ്സനാണോ അതോ മറ്റാരെങ്കിലുമാണോ എന്നാണ് ഇനി അറിയേണ്ടത്.
Fashion ⏭️




