NEWS
‘മോളേ, നന്നായി പഠിക്കണം, എവിടെ ആയാലും ഞങ്ങളെ മറക്കരുത്’; ശിശുക്ഷേമ സമിതിയിലെ 7 വയസ്സുകാരി ഇറ്റലിയിലേക്ക്

തിരുവനന്തപുരം ∙ ‘മോളേ, നന്നായി പഠിക്കണം, എവിടെ ആയാലും ഞങ്ങളെ മറക്കരുത്’ …. തൈക്കാട് ശിശുക്ഷേമ സമിതിയിൽനിന്ന് ഇറ്റലിയിലെ ദമ്പതികൾ ദത്തെടുത്ത 7 വയസ്സുകാരിയെ യാത്രയാക്കിയപ്പോൾ സമിതിയിലെ ആയമാർ വിതുമ്പി. കണ്ടു നിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. 15 ദിവസം മാത്രം പ്രായമായ കുരുന്നിനെ 2018 ഫെബ്രുവരിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട്, ബന്ധുക്കൾ കൈവിട്ട് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിയ കുട്ടിയുടെ സംരക്ഷണത്തിന് സംസ്ഥാന ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി.ബന്ധുക്കൾ ഉണ്ടായിരുന്നതിനാൽ ദത്ത് നൽകുന്നതിനു നിയമ തടസ്സമുണ്ടായിരുന്നു. സമിതി ഇടപെട്ട് നിയമ പോരാട്ടം നടത്തി. കഴിഞ്ഞ വർഷം നവംബറിൽ കുട്ടിയെ ദത്ത് നൽകാൻ വഴിയൊരുങ്ങി. ഇറ്റലിയിലെ ചരിത്ര നഗരമായ ലൂക്ക സ്വദേശികളായ യാക്കോപ്പോ റുസോയും സാറാ ജോർജിയും ആണ് കുട്ടിയെ ദത്തെടുത്തത്. ഇന്നലെ ബെംഗളൂരുവിലേക്ക് തിരിച്ച മൂവരും അവിടെനിന്ന് ഇറ്റലിയിലേക്ക് പോകും.
Source link


