BUSINESS

കേരളത്തിൽ വരുന്നു ഫുൾസൈസ് ഫുട്ബോൾ ഗ്രൗണ്ട്; രാജ്യാന്തര നിലവാരം, ചെലവ് 100 കോടി, വമ്പൻ നിക്ഷേപത്തിന് വി.കെ.മാത്യൂസ്


കൊച്ചി∙ ഐടി ഭീമൻമാരായ ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയർമാനും സൂപ്പർ ലീഗ് കേരള (എസ്എൽകെ) ക്ലബ്ബായ കാലിക്കറ്റ് എഫ്സി ഫ്രാഞ്ചൈസി ഉടമയുമായ വി.കെ.മാത്യൂസ് കേരളത്തിന്റെ ഫുട്ബോൾ കളത്തിൽ വൻ നിക്ഷേപത്തിന്. 100 കോടി രൂപ ചെലവിൽ രാജ്യാന്തര നിലവാരമുള്ള ഫുൾ സൈസ് ഫുട്ബോൾ ഗ്രൗണ്ടും ഗാലറിയും പാർപ്പിട-പരിശീലന സൗകര്യങ്ങളും ജിമ്മും സ്വിമ്മിങ് പൂളും ഉൾപ്പെട്ട സമുച്ചയം നിർമിക്കാനാണു പദ്ധതി. കാലിക്കറ്റ് എഫ്സിയുടെ ഫസ്റ്റ് ടീമിനും അണ്ടർ-23 ടീമിനും വേണ്ടിയാണു സൗകര്യം ഒരുക്കുന്നത്. കോഴിക്കോട്ടു തന്നെ രണ്ടു-മൂന്നു വർഷത്തിനകം സ്റ്റേഡിയം നിർമിക്കുകയാണു ലക്ഷ്യമെന്നും സ്ഥലം കണ്ടെത്തൽ നടപടികൾ അന്തിമഘട്ടത്തിലാണെന്നും വി.കെ.മാത്യൂസ് ‘മനോരമ’യോടു പറഞ്ഞു.കാലിക്കറ്റ് എഫ്സി രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹം രണ്ടാംഘട്ടത്തിലാണു വീണ്ടും ക്ലബ്ബിനു വേണ്ടി വൻ തുക ചെലവിടുന്നത്. ‘‘ലോകകപ്പ് കളിക്കുന്ന നെതർലൻഡ്സ്, ബൽജിയം, പോർച്ചുഗൽ തുടങ്ങിയ ഫുട്ബോൾ ഭീമൻമാരെക്കാൾ ജനസംഖ്യയുണ്ട് കേരളത്തിൽ. നമുക്കു പ്രതിഭയുമുണ്ട്. ശരിയായ സൗകര്യവും പരിശീലനങ്ങളും നൽകിയാൽ ‌കേരളത്തിനു തന്നെ ഇന്ത്യൻ ടീമിനെ സംഭാവന ചെയ്യാൻ കഴിയും. 2030ൽ കേരളമെന്നു പറഞ്ഞാൽ, ടൂറിസം മാത്രമാകരുത്, ഫുട്ബോൾ കൂടിയാകണം. കേരളമാണ് ഇന്ത്യയുടെ ഫുട്ബോൾ തലസ്ഥാനമെന്നു ലോകം പറയണം; അതിനാണു ഞങ്ങളുടെ ശ്രമം’’ – മാത്യൂസ് പറയുന്നു.8 വയസ്സ് മുതലുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റസിഡൻഷ്യൽ അക്കാദമിയും കാലിക്കറ്റ് എഫ്സിയുടെ നിർദിഷ്ട ഫുട്ബോൾ സമുച്ചയത്തിലുണ്ടാകും. ‘സാമ്പത്തിക നേട്ടത്തിനപ്പുറം സ്പോർട്‌‌സിനോടുള്ള അഭിനിവേശമാണ് പ്രചോദനമെന്നും മാത്യൂസ് പറഞ്ഞു.


Source link

Back to top button