NEWS
ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണം: 10 പേർ കുറ്റക്കാരെന്ന് കോടതി

ന്യൂഡൽഹി ∙ ഛത്തീസ്ഗഡിൽ മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിൽ അറസ്റ്റിലായ 10 പേർ കുറ്റക്കാരാണെന്നു പ്രത്യേക എൻഐഎ കോടതി വിധിച്ചു. പ്രമീള മൊദിയാം, ചൈതു ലെകാം, സുമിത്ര പുനേം മൊദിയാം, മുക്ക മണ്ഡാവി, കൊസ കാവസി, അയാത മർകം, മദ്കാമി ദേവ, ജോഗ മദ്കാമി, ബഞ്ചമി സന്ന, മഹാദേവ് നാഗ് എന്നിവരുടെ ശിക്ഷ പ്രത്യേക ജഡ്ജി അജയ്‍സിങ് രാജ്പുത് 16ന് വിധിക്കും.ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2013 മേയ് 25ന് ഝിറം താഴ്‌വരയിൽ നടന്ന പരിവർത്തൻ റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളായ നന്ദ് കുമാർ പട്ടേൽ (അന്ന് സംസ്ഥാന അധ്യക്ഷൻ), വി.സി. ശുക്ല, മഹേന്ദ്ര കർമ എന്നിവരടക്കം 29 പേരാണ് കൊല്ലപ്പെട്ടത്. മുപ്പതിലേറെപ്പേർക്കു പരുക്കേറ്റു. കേസിൽ 2 വനിതകൾ ഉൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. ഒരാൾ വിചാരണയ്ക്കിടെ മരിച്ചു. 101 സാക്ഷികളെ വിസ്തരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അരവിന്ദ് ചൗധരി പറഞ്ഞു.
Fashion ⏭️


