‘മേൽപ്പാലത്തിലെ ഗർത്തം രഹസ്യമായി മൂടിയത് അഴിമതി മറയ്‌ക്കാൻ’; ദേശീയപാതാ അതോറിറ്റിക്കെതിരെ ചേർത്തലയിൽ പ്രതിഷേധം

ചേർത്തല മേൽപ്പാലത്തിലെ ഗർത്തം
ആലപ്പുഴ: ചേർത്തലയിൽ ദേശീയപാത നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ റോഡ് ഇടിഞ്ഞുതാഴ്‌ന്ന ഭാഗത്ത് കോൺക്രീറ്റിട്ട് മറച്ചു. നാല് മീറ്ററോളം ആഴത്തിലായിരുന്നു ഗർത്തം. ഇന്നലെയാണ് ഗർത്തം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തിയിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. സ്ഥലത്ത് പൊതുപ്രവർത്തകരും കോൺഗ്രസ് നേതാക്കളുമെത്തി പ്രതിഷേധിക്കുകയാണ്.
ജില്ലാ കളക്‌ടറുടെ നിർദേശപ്രകാരം, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോരിറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. റോഡിനടിയിലൂടെ പോകുന്ന പൈപ്പ് നേരത്തേ പൊട്ടിയിരുന്നു. ഇക്കാരണത്താലാകാം മണ്ണിടിഞ്ഞ് റോഡിൽ കുഴി രൂപപ്പെട്ടതെന്നാണ് അധികൃതരുടെ നിഗമനം. ദേശീയപാതാ അതോറിറ്റി അധികൃതരെത്തി വിശദമായ ശാസ്‌ത്രീയ പരിശോധന നടത്തിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളു.
അതേസമയം, പൊട്ടിയ പൈപ്പ് നേരത്തേ തന്നെ മാറ്റിസ്ഥാപിച്ചുവെന്നും ഇത്രയും വലിയ സംഭവമുണ്ടായിട്ടും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. താൽക്കാലിക മാർഗമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിനായി കായലിലെ എക്കൽ മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തുവരാതിരിക്കാനാണ് ആരും അറിയാതെ പുലർച്ചെ കോൺട്രാക്‌ടർമാരെക്കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്യിപ്പിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്നലെ റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് റോഡിൽ കുഴിയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. ആഴത്തിലുള്ള കുഴി വൻ അപകടങ്ങൾ വരുത്തിവച്ചേനെ. യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പെടുന്ന പ്രതിഷേധക്കാർ വ്യക്തമാക്കി.
RELATED TOPICS: CHERTHALA FLYOVER, NHAI PROTEST, FLYOVER POTHOLE, CHERTHALA FLYOVER KUZHY, DESHEEYA PAATHA AUTHORITY PROTEST
Source link
NEWS


