NEWS

ദോഹയിൽ യുഎസ് പ്രതിനിധികൾ; നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ, സമാധാനശ്രമങ്ങൾക്ക് തിരിച്ചടി


ദോഹ/ദുബായ് ∙ മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സമാധാന ചർച്ചകൾക്കായി ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി. രണ്ടാഴ്ച മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവ പദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന് ഇറാൻ അധികൃതർ അറിയിച്ചു.ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കുന്നതിനു പകരമായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും 60 ദിവസത്തിനുള്ളിൽ സ്ഥിരം സമാധാന കരാറിലെത്തുകയും ചെയ്യണമെന്നായിരുന്നു പ്രാഥമിക ധാരണ. എന്നാൽ ഈ അടിസ്ഥാന കാര്യങ്ങളിൽപ്പോലും ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുന്നതായാണ് സൂചന.ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കടലിടുക്കിന്റെ മറുവശത്തുള്ള യുഎസ് സഖ്യകക്ഷിയായ ഒമാനുമായി ചേർന്നു ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും 60 ദിവസത്തെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് പകുതിയോടെ ടോൾ ഏർപ്പെടുത്തുമെന്നും ഇറാൻ അറിയിച്ചു. ‘‘ഹോർമുസ് കടലിടുക്കിന്റെ പരമാധികാരം ഇറാനും ഒമാനും ആണ്. ഇതിലൂടെയുള്ള ഗതാഗതം ഇറാൻ നിശ്ചയിക്കുന്ന ക്രമീകരണങ്ങൾക്കു വിധേയമായിരിക്കും’’ – ഇറാന്റെ ചർച്ചാസംഘത്തെ നയിക്കുന്ന മുഹമ്മദ് ബാഖർ ഖാലിബാഫ് സർക്കാർ ടെലിവിഷനോട് പറഞ്ഞു. എന്നാൽ രാജ്യാന്തര ജലപാതയായ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ടോൾ പിരിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു. യുദ്ധത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്കാണ് എണ്ണക്കപ്പലുകളുടെ ഗതാഗതം തിരിച്ചെത്തിയതെന്നും ചില ദിവസങ്ങളിൽ അതിലും കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


Source link

Back to top button