NEWS
‘എന്നെ ചോദ്യം ചെയ്യാൻ വരേണ്ട, അപകടം വെള്ളക്കെട്ട് കാരണം’: ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ

കൊച്ചി ∙ ചേരാനല്ലൂരില്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേട്ടിന്റെ 17 വയസ്സുകാരനായ മകന്‍ ഓടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍. നെടുമ്പാശ്ശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നാലെയാണ് കൊച്ചിയെ നടുക്കുന്ന അപകട വാർത്തയെത്തുന്നത്. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ജഡ്ജി കയര്‍ത്ത് സംസാരിച്ചെന്ന് ഇവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയവരാണ് തെറ്റുകാരന്‍ എന്ന് പറഞ്ഞപ്പോൾ തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്നും അതിന് നിങ്ങള്‍ ആയിട്ടില്ലെന്നും പ്രതിയായ 17 കാരന്റെ പിതാവായ ജഡ്ജി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ല എന്ന മനോഭാവമായിരുന്ന ജഡ്ജിക്കെന്നും അവര്‍ പറഞ്ഞു.വാഹനം ഒടിച്ച 17 വയസ്സുകാരന്റെ പേരിലും മാതാപിതാക്കളുടെ പേരിലും കേസ് എടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 17 കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ തനിക്ക് പ്രശ്‌നം ആകുമെന്നും പൊലീസ് പറഞ്ഞതായും ബന്ധു ആരോപിച്ചു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്ന് ജഡ്ജി പറഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ റോഡില്‍ ഒരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാന്‍ സ്ഥലമുള്ള ഇടത്താണ് അപകടം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Fashion ⏭️




