NEWS
ചങ്ങനാശേരിയിൽ റോഡിൽ കേടായി കിടന്ന ലോറി രക്ഷിച്ചത് ഒരു ജീവൻ; കുളത്തൂർമൂഴിയിൽ നാല് ജീവൻ രക്ഷിച്ച് നീണ്ട ഹോൺ

ചങ്ങനാശേരി ∙ റോഡിൽ കേടായി കിടന്ന ലോറി രക്ഷിച്ചത് ഒരു ജീവൻ. ചങ്ങനാശേരി കവിയൂർ റോഡിൽ ആരമല മറിയം ജുമാ മസ്ജിദിനു മുന്നിലാണു സംഭവം. ഇന്നലെ പുലർച്ചെ മൂന്നരയോടെ ശക്തമായ കാറ്റിൽ റോഡരികിലെ കൂറ്റൻ മാവ് കടപുഴകി. റോഡിലേക്ക് ചാഞ്ഞു തുടങ്ങിയ മരത്തിന്റെ ശിഖരത്തിന്റെ ഒരു ഭാഗം നാലുകോടി ഭാഗത്തേക്ക് പത്രക്കെട്ടുകൾ ഇറക്കാനായി പോയ അതിരമ്പുഴ ചാമക്കാലായിൽ സി.വി.പോളിന്റെ കാറിലേക്ക് ഇടിച്ചു വീണു. കടപുഴകിയ മരം ലോറിയിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. എന്തോ കാറിനു മുകളിലേക്ക് വീഴുന്നതും പെട്ടെന്ന് എയർബാഗ് മുഖത്തേക്കടിച്ചതും മാത്രമാണ് ഓർമയുള്ളതെന്നും ലോറിയില്ലായിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു എന്നും സി.വി.പോൾ പറയുന്നു. ലോറിയുടെ കാബിൻ തകർന്നെങ്കിലും ഇതിനുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ പഞ്ചാബി സ്വദേശി അങ്ഗ്രജ് സിങ്ങും (50) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ജീവൻ രക്ഷിച്ചു, നീണ്ട ഹോൺ കുളത്തൂർമൂഴി ∙ പുലർച്ചെ വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിൽനിന്ന് റോയിയെയും കുടുംബത്തെയും കര കയറ്റിയത് മണ്ണുമാന്തി യന്ത്രത്തിന്റെ നിലയ്ക്കാത്ത ഹോൺ അടി. ഇന്നലെ പുലർച്ചെ 3.30ഓടെയാണ് വീട്ടിലേക്ക് വെള്ളം ഇരച്ചെത്തുന്നതെന്ന് റോയി പറയുന്നു.സമീപത്ത് റോഡിന്റെ നിർമാണത്തിനു എത്തിച്ചിരുന്ന മണ്ണു മാന്തിയന്ത്രത്തിന്റെ ഡ്രൈവറാണ് ഹോൺ മുഴക്കി കുടുംബാംഗങ്ങളെ വിളിച്ചുണർത്തിയത്. ഭാര്യ ലിസമ്മയും മക്കളായ റോബിൻ, റോസ്മരിയ എന്നിവരും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.
Fashion ⏭️


