AUTO

ടൊയോട്ട എംജിയെ ട്രോളിയതാണോ? പ്ലഗ് ഇൻ ഹൈബ്രിഡ് ആണോ സ്ട്രോങ് ഹൈബ്രിഡ് ആണോ മികച്ചത്?


ഹൈബ്രിഡ് വിപണിയില്‍ തരംഗമായിക്കൊണ്ടാണ് എംജി ഹെക്ടര്‍ ടോമാഹോക്ക് PHEVയുടെ രംഗപ്രവേശം. ഇന്ത്യയിലെ ഹൈബ്രിഡ് വാഹനരംഗത്തെ മുന്‍നിരക്കാരായ ടൊയോട്ട ഇതിനോട് പ്രതികരിച്ചുകൊണ്ട് ഒരു വിഡിയോ പുറത്തിറക്കിയതോടെ വിപണിയിലെ മത്സരം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യം തങ്ങളുടെ സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡുകളാണെന്നാണ് ടൊയോട്ട പരസ്യത്തിലൂടെ എടുത്തുപറയുന്നത്. പുറത്തു നിന്നും ചാര്‍ജ് ചെയ്യേണ്ടതില്ലെന്നതാണ് പ്രധാന സൗകര്യമായി ടൊയോട്ട എടുത്തു പറയുന്നത്. ടൊയോട്ടയുടെ വിഡിയോയില്‍ ഒരു തെറ്റിദ്ധാരണ കൂടി ഒളിച്ചിരിപ്പുണ്ട്.എംജി ഹെക്ടര്‍ ടോമാഹോക്ക് പിഎച്ച്ഇവി വാഹനത്തില്‍ 20.5 kWh ശേഷിയുള്ള വലിയ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 3.3 കിലോവാട്ട് എസി ഹോം ചാര്‍ജര്‍ ഉപയോഗിച്ചോ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ വഴിയോ ഇത് ചാര്‍ജ് ചെയ്യാനാവും. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഇതിലുണ്ട്. വാഹനം വേഗം കുറക്കുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ സാധാരണ നഷ്ടപ്പെട്ടു പോവുന്ന കൈനറ്റിക് എനര്‍ജിയെ ഈ സംവിധാനം തിരിച്ചു പിടിച്ച് ബാറ്ററിയുടെ ഊര്‍ജ്ജമാക്കി മാറ്റുന്നു. ഡ്രൈവര്‍ക്ക് റീജനറേഷന്‍ ലെവലുകള്‍ ക്രമീകരിക്കാനും സാധിക്കും. ഉയര്‍ന്ന ലെവലില്‍ വേഗം കുറയുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം വീണ്ടെടുക്കാനാവും. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാനും ഇതിലെ പെട്രോള്‍ എന്‍ജിനാവും. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്വയം ബാറ്ററി റീചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ സഹിതമാണ് ഹെക്ടര്‍ ടോമാഹോക്ക് പിഎച്ച്ഇവിയുടെ വരവ്.ഈ വാഹനത്തിലെ സീരീസ് ഹൈബ്രിഡ് മോഡ് ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. ബാറ്ററിയില്‍ ചാര്‍ജ് നിലനിര്‍ത്താനോ ചാര്‍ജിങ് കൂട്ടാനോ വാഹനം നിര്‍ദേശിക്കുമ്പോള്‍ എന്‍ജിന്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ച് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കും. ഇങ്ങനെയാണ് ടോമാഹോക്ക് പിഎച്ച്ഇവിയിലെ 1.5 ലീറ്റര്‍ ഡെഡിക്കേറ്റഡ് ഹെബ്രിഡ് പെട്രോള്‍ എന്‍ജിന്‍ ബാറ്ററി സ്വയം ചാര്‍ജ് ചെയ്യുന്നത്. ഇവിടെ പെട്രോള്‍ എന്‍ജിന്‍ നേരിട്ട് ചക്രങ്ങളെ കറക്കുന്നതിന് പകരം ജനറേറ്റര്‍ ആയി മാറിയാണ് പ്രവര്‍ത്തിക്കുന്നത്.അതേസമയം പ്ലഗ് ഇന്‍ ഹൈബ്രിഡിലേക്ക് വരുമ്പോള്‍ ഇതില്‍ താരതമ്യേന വലിയ ബാറ്ററിയാണുള്ളത്. അതുകൊണ്ടുതന്നെ പുറമേ നിന്നും വൈദ്യുതി ഉപയോഗിച്ച് വാഹനം പ്ലഗ് ഇന്‍ ചെയ്ത് ചാര്‍ജ് ചെയ്യാനാവും. എന്നാല്‍ ഹെക്ടര്‍ ടോമാഹോക്കില്‍ ഡ്രൈവിങിനിടെ എന്‍ജിന്‍ ഉപയോഗിച്ചും റീ ജനറേറ്റീവ് ബ്രേക്കിങ് വഴിയും ബാറ്ററി ഊര്‍ജ്ജം വീണ്ടെടുക്കാനുള്ള സൗകര്യം നല്‍കുന്നു. ടോമാഹോക്ക് പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണെന്നതുകൊണ്ട് മാത്രം അതിന് സ്വയം ചാര്‍ജ് ചെയ്യാനാവില്ലെന്ന് കരുതുന്നതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നത്.


Sports ⏭️

Back to top button