‘സൈക്കിൾ തിരികെ നൽകിയാൽ അഞ്ച് ലക്ഷം രൂപ നൽകാം, കള്ളൻ മാനസാന്തരപ്പെട്ടാൽ ജോലിയും’; വാഗ്ദാനവുമായി ബോച്ചെ

എം ബി പ്രകാശ്, ബോബി ചെമ്മണൂർ
കൊച്ചി: ഇടപ്പള്ളി ടോളിൽ നിന്ന് മോഷ്ടിച്ച പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). കള്ളൻ മാനസാന്തരപ്പെട്ടാൽ നല്ല ജോലി നൽകാമെന്നും ബോച്ചെ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ നമ്പറിൽ (7994811116) വിളിച്ചുമോഷ്ടാവ് സൈക്കിൾ നേരിട്ട് ഏൽപിച്ചാൽ പണം നൽകുമെന്നും ഇത് ആരുമറിയില്ലെന്നും ബോച്ചെ അറിയിച്ചു.
എം ബി പ്രകാശെന്ന പ്രകാശൻ ചേട്ടന് കൈമാറിക്കിട്ടിയ 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു മാദ്ധ്യമത്തിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വാർത്തവായിച്ച് തനിക്കുണ്ടായ വിഷമത്തെക്കാൾ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂരിന്റെ വാഗ്ദാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എംബി പ്രകാശ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സൈക്കിൾ മോഷണം പോയത്.
പത്താം വയസിൽ പിതാവ് എം ആർ ബാലകൃഷ്ണനാണ് പ്രകാശിന് സൈക്കിൾ സമ്മാനിച്ചത്. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്നു പ്രകാശന്റെ പിതാവ്. അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന സൈക്കിളാണ് പ്രകാശിന് കൈമാറിയത്. മരിക്കുന്നതിന് മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു ‘സൈക്കിൾ നശിപ്പിക്കരുത് ആർക്കും വിൽക്കരുത്’ എന്ന്, അത് പ്രകാശൻ പാലിച്ചിരുന്നു.
RELATED TOPICS: BOBBY CHEMMANUR, BOCHE, BOBBY CHEMMANUR LATEST NEWS, RS 5 LAKH REWARD, STOLEN BICYCLE
Read News ⏭️


