NEWS

‘പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പരിഹരിക്കും’: ശ്രീലേഖയുടെ വീഡിയോയിൽ പ്രതികരിച്ച് എസ് സുരേഷ്

എസ് സുരേഷ്, ആർ ശ്രീലേഖ

തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി വിവാദത്തിലെ വിശദീകരണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ് സുരേഷ്. ശ്രീലേഖയ്ക്ക് പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ വിവി രാജേഷിനെതിരെയുള്ള പരാമർശങ്ങളിൽ ശ്രീലേഖയ്ക്ക് വീഴ്ച പറ്റിയോ എന്നത് പാർട്ടിക്കകത്ത് ചർച്ച ചെയ്യേണ്ടതാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷവിമർശനമാണ് എസ് സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഡൽഹിയിൽ സെറ്റിട്ട് മലയാള ചാനലുകൾക്ക് മുന്നിൽ നടത്തിയ നാടകമാണ് സമരമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളത്തെ അപമാനിക്കുന്നതാണ്. പിണറായി പാറ്റകളുടെ അണിയായി. പ്രായമെങ്കിലും നോക്കണമെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.

കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോയതെന്നും ഡിജിപിയായിരുന്ന ആളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറയുന്നതുപോലെയായിരുന്നെന്നുമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു കൗൺസിലറുടെ പ്രതികരണം. പാ‌ർട്ടിയിൽ നിന്ന് രാജിവച്ചിട്ടില്ലെന്ന് പറഞ്ഞ അവർ താൻ വിശ്വസിക്കുന്ന ഏറ്റവും നല്ല ദേശീയ ജനതാ പാർട്ടിയാണ് ബിജെപിയെന്നും വ്യക്തമാക്കിയിരുന്നു.

‘എന്റെ ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, വൈഫൈ, ടെലിഫോൺ കണക്ഷൻ എല്ലാം കേടായിക്കിടക്കുവാണ്. ഒരു കസേരയുള്ളത് പൊട്ടിപ്പൊളിഞ്ഞതാണ്. അതിൽ ഇരുന്നാൽ പിറകുവശമെല്ലാം വേദനിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഞാൻ ഇത്രയും നാൾ ജോലി ചെയ്യുന്നതിനിടെ പന്ത്രണ്ടോ പതിമൂന്നോ കത്തുകൾ മേയർക്ക് കൊടുത്തിട്ടുണ്ട്. മേയർക്കതൊക്കെ ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. ഓരോരുത്തരായി ഓരോരോ റെക്കമെന്റേഷൻസ് അയച്ചുകൊണ്ടിരിക്കുവാണല്ലോ. അതിന്റെയൊക്കെ ഫയൽ അദ്ദേഹം മാർക്ക് ചെയ്‌ത് സെക്ഷനിലേക്ക് വിടും. പക്ഷേ ഈ സെക്ഷനിലിരിക്കുന്ന ക്ലർക്കുമാരും സൂപ്രണ്ടുമാരും ഓഫീസേഴ്‌സുമെല്ലാം കഴിഞ്ഞ 45 വർഷമായി ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയുടെ അനുയായികളായിരിക്കാം. ഒരു കൗൺസിലർ, അതും ഒരു ബിജെപി കൗൺസിലർ എഴുതിക്കൊടുക്കുന്ന പ്രൊപ്പോസൽ അതവിടെയങ്ങ് കിടക്കും. നമ്മളിതിന്റെ പിറകെ നടന്ന് ബുദ്ധിമുട്ടും’- ശ്രീലേഖ പറഞ്ഞു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാലതാമസം വരുന്നുണ്ടെന്നും അത് തന്നെ വലിയരീതിയിൽ വിഷമിപ്പിച്ചെന്നും ശ്രീലേഖ പറയുന്നു. അങ്ങനെയിരിക്കെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന് വ്യക്തമാക്കി മേയർക്ക് കത്തുനൽകിയെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

English Summary

BJP leader S. Suresh addressed the R. Sreelekha resignation controversy, stating her grievances and comments about Mayor V.V. Rajesh must be resolved internally. Sreelekha, a BJP councilor, detailed facing immense pressure, inadequate office facilities, and obstruction from staff, alleging political bias. She had previously written to the Mayor threatening resignation over unresolved issues.

Read News ⏭️

Back to top button