BUSINESS
മിസൈൽ മേഖലയിലും അദാനി, ഒരുങ്ങുന്നത് ദക്ഷിണേഷ്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കേന്ദ്രം, 2500 കോടി നിക്ഷേപിക്കും

അദാനി ഗ്രൂപ്പ് ഇനി മിസൈൽ നിർമാണ മേഖലയിലേക്കും. ദക്ഷിണേഷ്യയിൽ സ്വകാര്യ മേഖലയിൽ ആരംഭിക്കുന്ന ഏറ്റവും വലിയ മിസൈൽ നിർമാണ ഇക്കോസിസ്റ്റത്തിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. അദാനി എന്റർപ്രൈസസിന് കീഴിലുള്ള കമ്പനിയാണിത്. മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന കേന്ദ്രത്തിന് കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. നേരിട്ടും അല്ലാതെയും 5000 വിദഗ്ധ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്കാവും. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ പ്രവർത്തന സജ്ജമാകും. അമ്പതിലധികം സൂക്ഷ്മ – ചെറുകിട – ഇടത്തര സംരംഭങ്ങൾക്ക് (എംഎസ്എംഇ) പിന്തുണയേകാനും പദ്ധതിക്ക് കഴിയുമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വിവിധ മിസൈൽ പദ്ധതികൾ ആധുനിക സാങ്കേതിക വിദ്യയുടെയും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയും നടപ്പിലാക്കാവുന്ന കേന്ദ്രമായിരിക്കും ഇത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വിദേശരാജ്യങ്ങളിലേക്ക് മിസൈൽ കയറ്റുമതി നടത്താനും കേന്ദ്രത്തിനാകും. ഡിആർഡിഒ വികസിപ്പിക്കുന്ന തദ്ദേശീയ മിസൈൽ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും വ്യവസായിക ഉൽപാദനത്തിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. മധ്യ-ദീർഘദൂര മിസൈൽ സംവിധാനങ്ങൾക്കൊപ്പം സംയോജിത പ്രൊപ്പലന്റ്, ടിഎൻടി, സ്ഫോടക ശേഷിയുള്ള വസ്തുക്കൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ നിർമിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഇത്തരമൊരു കേന്ദ്രം ഇതാദ്യമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ മിസൈൽ മേഖലയിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യക്ക് കുറയ്ക്കാനാകുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു. 2020 മുതൽ രാജ്യത്തെ പ്രതിരോധ മേഖലയിൽ സാന്നിധ്യം അറിയിച്ച കമ്പനിയാണ് അദാനി ഡിഫൻസ്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ചെറുകിട ആയുധങ്ങൾ നിർമിക്കാനുള്ള കേന്ദ്രം അദാനി ഡിഫൻസിനുണ്ട്. ഇവിടെ നിർമിക്കുന്ന പിസ്റ്റൾ, ലൈറ്റ് മെഷിൻ ഗൺ, റൈഫിൾ തുടങ്ങിയ ആയുധങ്ങൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുമുണ്ട്. അതേസമയം, ഇന്ന് അദാനി എന്റർപ്രൈസസ് ഓഹരികൾ ചാഞ്ചാട്ടത്തിലാണ്. ഓഹരിയൊന്നിന് 3230 രൂപയ്ക്ക് വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് 3187 ഡോളറിലേക്ക് കൂപ്പുകുത്തി. പിന്നീട് ചാഞ്ചാട്ടത്തിലായി.
Source link


