NEWS
അർജുൻ ആയങ്കിയുടെ ഫോൺ കണ്ടെത്തി; കണ്ടെടുത്തത് അഭിഭാഷകയുടെ വീട്ടിലെ ഷൂ റാക്കിൽനിന്ന്

കണ്ണൂർ∙ മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസിനെയും സമൂഹമാധ്യമത്തിൽ വെല്ലുവിളിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ (28) മൊബൈൽ ഫോൺ അഭിഭാഷകയുടെ വീടിനു പുറത്തുള്ള കോണിയുടെ ചുവട്ടിലെ ഷൂറാക്കിൽനിന്നു കണ്ടെടുത്തു. പ്രത്യേക അന്വേഷണ സംഘവും സിറ്റി സൈബർ പൊലീസും അഭിഭാഷക ഡലീറ്റ ടൈറ്റസിന്റെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഫോൺ കണ്ടെത്തിയത്. ഈ ഫോണിൽനിന്നാണു മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസിനെയും അധിക്ഷേപിക്കുന്ന സമൂഹമാധ്യമ കുറിപ്പുകൾ പോസ്റ്റ് ചെയ്തതെന്ന് അർജുൻ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി.തലശ്ശേരി സബ് ജയിലിൽ റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയെ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി 11ന് ആണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സിറ്റി സൈബർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. സമൂഹമാധ്യമ പോസ്റ്റുകൾ താൻതന്നെയാണ് കൈകാര്യം ചെയ്തതെന്ന് അർജുൻ സമ്മതിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. പൊലീസ് എത്താൻ സാധ്യതയുണ്ടെന്നു കണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഷൂറാക്കിൽ ഒളിപ്പിച്ചെന്ന് ആയങ്കി മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഞായർ പുലർച്ചെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
Fashion ⏭️


