NEWS
72 അടി താഴ്ചയിലേക്ക് പതിക്കുന്ന ജലപ്രവാഹം; നയനമനോഹരമായ അനുഭൂതി സമ്മാനിച്ച് അരീക്കൽ വെള്ളച്ചാട്ടം

പെരുമ്പെട്ടി ∙ സഞ്ചാരികൾക്കു നയനമനോഹരമായ അനുഭൂതി സമ്മാനിച്ച് അരീക്കൽ വെള്ളച്ചാട്ടം. കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്ത് അതിർത്തിയിലൂടൊഴുകുന്ന അരീക്കൽ വലിയതോട്ടിലാണ് മനോഹര കാഴ്ച. ജലസമൃദ്ധിയിൽ ചിന്നിച്ചിതറി 72 അടി താഴ്ചയിലേക്ക് പതിക്കുന്ന ശക്തിയായുള്ള ജലപ്രവാഹം. വെള്ളയിൽ, ആനക്കുഴി, മുളയ്ക്കൽ എന്നിവിടങ്ങളിലെ ചെറുതും വലുതുമായി ഒഴുകിയെത്തുന്ന നീർച്ചാലുകൾ ചേർന്നാണ് ഈ വെള്ളച്ചാട്ടം. പാതയോരത്തും സമീപ പാലത്തിലും നിന്നുള്ള കാഴ്ച മാത്രമേ ഇവിടെ സാധ്യമാകുകയുള്ളൂ. അടിവാരത്തേയ്ക്ക് ഇറങ്ങുകയെന്നത് അപകട സാധ്യത വർധിപ്പിക്കും. ഇവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം ചാലാപ്പള്ളി തോട്ടിൽ ചേർന്ന് ചീരംപടവ്, അത്യാൽ, മഠത്തുംമുറി പാടശേഖരങ്ങളുടെ നടുവിലൂടൊഴുകി കുളത്തൂർമൂഴി പാപ്പനാടിന് സമീപം മണിമലയാറ്റിൽ പതിക്കുന്നു. പൂവനക്കടവ്– ചെറുകോൽപുഴ റോഡിൽ അരീക്കൽ കവലയിൽ നിന്ന് ഇരുമ്പുകുഴി റോഡിൽ 140 മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
Fashion ⏭️


