NEWS
രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; കാറിടിച്ച് ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28) ആണ് മരിച്ചത്. കഴിഞ്ഞ 3 ന് നഗരത്തിലെ ഒരു മാളിന് സമീപമുണ്ടായ അപകടത്തിലാണ് പ്രിയങ്കയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. പ്രിയങ്കയുടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങളും മരണം സ്ഥിരീകരിക്കുകയായിരുന്നു. മാളിലെ സുരക്ഷാ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനു ശേഷം മടങ്ങിയ രണ്ടു യുവാക്കൾ സഞ്ചരിച്ച കാർ പ്രിയങ്കയുടെ സ്കൂട്ടറിനെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചിരുന്നു. അപകടത്തിൽ പ്രിയങ്കയുടെ സുഹൃത്തിനും പരിക്കേറ്റിരുന്നു. പ്രിയങ്കയെ ആദ്യം രാജമുണ്ട്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കും വെന്റിലേറ്റർ സഹായത്തിനുമായി ഹൈദരാബാദിലേക്ക് മാറ്റുകയുമായിരുന്നു. പ്രിയങ്കയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നെങ്കിലും ആരോഗ്യനില വഷളാവുകയും പിന്നീട് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
Fashion ⏭️


