‘ബോർഡോ കോർപ്പറേഷനോ ആവശ്യപ്പെട്ടത് പാർട്ടിക്ക് വേണ്ടി, സ്വന്തം കാര്യമല്ല പറഞ്ഞത്’, വിലപേശൽ ആരോപണം തള്ളി അഖിൽ മാരാർ

അഖിൽ മാരാർ ചിത്രം: ഫേസ്ബുക്ക്
കൊച്ചി: ട്വന്റി ട്വന്റി നേതൃത്വത്തിന്റെ ആരോപണങ്ങൾ തള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ. താൻ യാതൊരുവിധ വിലപേശലും നടത്തിയിട്ടില്ലെന്നും സ്ഥാനമാനങ്ങൾ ആയിരുന്നു ലക്ഷ്യമെങ്കിൽ കോൺഗ്രസിൽ തന്നെ തുടരുമായിരുന്നുവെന്നും അഖിൽ മാരാർ വ്യക്തമാക്കി. ബോർഡോ കോർപ്പറേഷനോ ആവശ്യപ്പെട്ടത് തനിക്ക് വേണ്ടിയല്ല, മറിച്ച് പാർട്ടിക്ക് വേണ്ടിയാണെന്നാണ് അഖിലിന്റെ വിശദീകരണം.
‘പുറത്തുവന്ന ശബ്ദരേഖയിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. എനിക്ക് ബോർഡോ കോർപ്പറേഷനോ ഒന്നും വേണ്ട. അതിനൊക്കെയായിരുന്നെങ്കിൽ ഞാൻ കോൺഗ്രസിൽ തന്നെ നിന്നേനെ’- അഖിൽ മാരാർ പറഞ്ഞു. സാബു എം. ജേക്കബ് തന്നോട് വലിയ വഞ്ചനയാണ് കാട്ടിയതെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെങ്കിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സാഹചര്യം വേണമെന്നും, ബോർഡ് അല്ലെങ്കിൽ കോർപ്പറേഷൻ സ്ഥാനങ്ങൾ വഴി അത് ഉറപ്പാക്കണമെന്നും അഖിൽ മാരാർ ആവശ്യപ്പെടുന്ന തരത്തിലുള്ള ശബ്‌ദരേഖകൾ കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി പുറത്തുവിട്ടിരുന്നു. എന്നാൽ താൻ സംസാരിച്ചത് സ്വന്തം കാര്യത്തിനല്ല, പാർട്ടിയുടെ വളർച്ചയെക്കുറിച്ചെന്നാണ് അഖിലിന്റെ വാദം. സാബു എം. ജേക്കബ് തന്നെ ചതിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാർ ട്വന്റി ട്വന്റി വിട്ടതിന് പിന്നാലെയാണ് ഇരുഭാഗത്തുനിന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായിരിക്കുന്നത്.
RELATED TOPICS: AKHIL MARAR, LATESTNEWS, AKHIL MARAR NEWS, BARGAINING ALLEGATIONS
Read News ⏭️


