NEWS

കുറ്റവാളിയെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ‘നിരപരാധിത്വത്തിന്റെ ആനുകൂല്യം’ റദ്ദാകും; നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുടെ ഹർജി തള്ളി


കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാം പ്രതിയായ മാർട്ടിനാണ് നടി ആക്രമിക്കപ്പെട്ട വാഹനം ഓടിച്ചിരുന്നത്. കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. സെഷൻസ് കോടതി വിധിക്കെതിരെ മാർട്ടിൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ നിലനിൽക്കെയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉപഹർജി കൂടി നൽകിയത്. സമാന രീതിയിൽ പൾസർ സുനി നൽകിയ ഹർജിയും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹർജിക്കാരനു ജാമ്യം നൽകാനോ ശിക്ഷാവിധി സ്റ്റേ ചെയ്യാനോ തക്കതായ യാതൊരു അസാധാരണ സാഹചര്യവും നിലനിൽക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ന് മാർട്ടിന്റെ ഹർജി തള്ളിയത്.താൻ കേവലം ഡ്രൈവർ മാത്രമായിരുന്നുവെന്നും ഗൂഢാലോചനയെക്കുറിച്ചോ കുറ്റകൃത്യത്തെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നാണ് മാർട്ടിൻ വാദിച്ചത്. വിചാരണത്തടവുകാരനായി അഞ്ചര വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്, കേസിലെ പ്രധാന ഗൂഢാലോചന ആരോപിക്കപ്പെട്ട എട്ടാം പ്രതിയെ സെഷൻസ് കോടതി വെറുതെവിട്ട സാഹചര്യത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്കു നിലനിൽപ്പില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കുറ്റകൃത്യം നടക്കുമ്പോൾ ഒന്നാം പ്രതിയുമായി നിരന്തരം ഫോണിലും മെസേജുകൾ വഴിയും ബന്ധപ്പെട്ടു വാഹനത്തിന്റെ ലൊക്കേഷൻ കൈമാറിയതും കൃത്രിമ അപകടം സൃഷ്ടിച്ചു മറ്റു പ്രതികളെ വാഹനത്തിൽ കയറ്റാൻ അവസരമൊരുക്കിയതും മാർട്ടിനാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, മുൻപ് സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇരയ്ക്കെതിരെ അപകീർത്തികരമായ വീഡിയോകൾ പുറത്തുവിട്ടതിന് തൃശൂർ സൈബർ ക്രൈം സ്റ്റേഷനിൽ ഇയാൾക്കെതിരെ പുതിയ കേസ് നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.


Fashion ⏭️

Back to top button