NEWS

പ്രതിഷേധിച്ച വിദ്യാർഥികളുമായി പോയ പൊലീസ് വാൻ തടഞ്ഞ് യുവതി: ‘റോൾ മോഡൽ’ എന്ന് സമൂഹമാധ്യമങ്ങൾ


മുംബൈ ∙ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു.ദാദറിലെ ശിവാജി പാർക്കിനു മുന്നിൽവച്ച് ബുധനാഴ്ചയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ വാൻ തടയുകയായിരുന്നു. ഇതോടെ ഒട്ടേറെപ്പേർ മുദ്രാവാക്യം വിളിച്ച് റിയയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റിയ പ്രതിഷേധക്കാരുടെ റോൾ മോഡലുമായി. ഹീറോ എന്നാണ് പലരും റിയയെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുംബൈയിൽ നടത്തിയ പ്രതിഷേധ വേദിയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് പൊലീസ് വാൻ കണ്ടതെന്ന് റിയ പറഞ്ഞു.


Fashion ⏭️

Back to top button