NEWS

30 കോടിയുടെ ഭാഗ്യശാലി ആര്? എവിടെത്തിരിഞ്ഞാലും എഐ വിജയികൾ, കഥകൾ പലത്

എഐ ചിത്രം

കണ്ണൂർ: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യശാലി എവിടെയെന്ന് തെരയുകയാണ് മലയാളികൾ. ഇതിനിടെ ഊഹാപോഹങ്ങൾക്കും കഥകൾക്കും എഐ ചിത്രങ്ങൾക്കും കുറവില്ല. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നിരവധി കഥകളാണ് ബമ്പർ ലോട്ടറി ഭാഗ്യശാലിയെക്കുറിച്ച് പരക്കുന്നത്.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റും പിടിച്ചുനിൽക്കുന്ന ഒട്ടേറെ എഐ മനുഷ്യരുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ ടിക്കറ്റ് ഏൽപിച്ചെന്ന കഥയും കണ്ണൂർ മൊകേരി സ്വദേശിയായ മനുവിന് ലോട്ടറി അടിച്ചെന്ന കഥയും പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്താണ്.

കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസി വാങ്ങി വഴിയോരക്കച്ചവടക്കാരനായ സുജിത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നിലവിൽ ഏജന്റിനെത്തേടി ഇതുവരെ ആരും എത്തിയിട്ടില്ല. നാട്ടിൽത്തന്നെയുള്ളവർക്കാണ് ഭൂരിഭാഗം ടിക്കറ്റുകളും വിറ്റത്. അതുകൊണ്ട് ഭാഗ്യശാലി ഇവിടെത്തന്നെയുണ്ടാകുമെന്നാണ് ഏജന്റിന്റെ പ്രതീക്ഷ.

പൊതുവെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബമ്പർ ഭാഗ്യവാന്മാർ പുറത്തെത്താറില്ല. അനാവശ്യമായ ശ്രദ്ധയിൽപ്പെട്ട് പണം കടം ചോദിച്ചുവരുന്നവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണിത്. ഇതിനുമുമ്പ് 25 കോടിയുടെ ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത്തരക്കാരുടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

English Summary

The winner of Kerala’s biggest-ever lottery bumper prize of Rs 30 crore remains unidentified. Several rumours and AI-generated images claiming to show the winner are circulating, but the actual ticket holder has not yet approached the agent. The winning ticket was sold by a roadside vendor in Kannur, and the agent believes the winner may be from the local area.
RELATED TOPICS: 30 CRORE LOTTERY, KERALA BUMPER LOTTERY, BUMPER LOTTERY WINNER, KERALA LOTTERY, LOTTERY WINNER

Read News ⏭️

Back to top button