NEWS

സ്‌കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കി കുട്ടികളെ സേഫാക്കി, ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു

അനില്‍ കുമാര്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ക്ക് കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം. വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍ കുമാറാണ് (50) ആശുപത്രിയില്‍ മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് തോന്നിയപ്പോള്‍ തന്നെ അനില്‍ കുമാര്‍ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കുകയാണ് ആദ്യം ചെയ്തത്.

വേളം ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂള്‍ വാന്‍. ചെറുകുന്നിന് സമീപം വാഴയില്‍മുക്കില്‍ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം ഒതുക്കിയതിന് പിന്നാലെ റോഡിലുണ്ടായിരുന്ന ആളുകളെ സഹായത്തിനായി വിളിക്കുകയും തന്റെ ഫോണില്‍ നിന്ന് സ്‌കൂളിലേക്ക് വിളിപ്പിക്കുകയുമായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ആംബുലന്‍സുമായി എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവര്‍ എത്തിയാണ് കുട്ടികളെ വീടുകളില്‍ എത്തിച്ചത്. ദീര്‍ഘകാലമായി ഡ്രൈവറായിരുന്നു അനില്‍കുമാര്‍. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകള്‍: പാര്‍വണ കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.


Source link
NEWS

Back to top button