NEWS
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർമാരായി പ്രമുഖ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വനസംരക്ഷണത്തെക്കുറിച്ചും വന്യജീവികളെ പരിരക്ഷിക്കുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുക, വനം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുക തുടങ്ങിയ ഏഴ് സുപ്രധാന മേഖലകളിൽ ഇവർ സഹകരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
പ്രവർത്തനമേഖലകൾ
- പൊതുവേദികളിലും ഡിജിറ്റൽ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടും, മുൻകൂട്ടി തയ്യാറാക്കിയ സന്ദേശങ്ങളിലൂടെയും വനസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക.
- വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്യാമ്പെയ്നുകൾ, ജനകീയ പദ്ധതികൾ, പൊതുസേവനങ്ങൾ എന്നിവയ്ക്ക് പ്രചാരം നൽകുക.
- പ്രകൃതി പഠന ക്യാമ്പുകൾ, ചർച്ചകൾ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവ വഴി യുവതലമുറയിലും കുട്ടികളിലും പ്രകൃതിയോടുള്ള കരുതൽ വർദ്ധിപ്പിക്കുക.
- വനം വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബോധവൽക്കരണ വീഡിയോകളും സംരക്ഷണ സന്ദേശങ്ങളും കൃത്യമായ വിവരങ്ങളും പങ്കുവെക്കുക.
- പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനായി പുതിയ ആശയങ്ങളും പ്രചാരണ രീതികളും ആവിഷ്കരിക്കുക.
- വന്യജീവികളോട് കരുതലോടെ പെരുമാറുന്നതിനും, വനവാസി സമൂഹങ്ങളെ ഉൾക്കൊള്ളുന്നതിനും, വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, കൂടാതെ സംരക്ഷണ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക.
- ജൈവവൈവിധ്യം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുസ്ഥിരമായ ബന്ധം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾക്ക് നേതൃത്വം നൽകുക.




