അഗ്നിവീറുകളുടെ സേവന കാലാവധി രണ്ടുവർഷം കൂടി നീട്ടി; സേനയിൽ തുടരാൻ അവസരം

ന്യൂഡൽഹി ∙ സൈന്യത്തിലെ അഗ്നിവീറുകളുടെ സേവന കാലാവധിയിൽ രണ്ട് വർഷത്തെ അധിക ഇളവ് അനുവദിക്കാൻ തീരുമാനമായി. നാല് വർഷം മുൻപാണ് അഗ്നിവീർ പദ്ധതിയിലൂടെ സേനയിലേക്ക് ആദ്യമായി നിയമനം നടത്തിയത്. ഈ മാസം 21-ാം തീയതിയോടെ നാവികസേനയിലെ ആദ്യ ബാച്ച് തങ്ങളുടെ സേവന കാലാവധി പൂർത്തിയാക്കുകയാണ്. ഇതിനു പിന്നാലെ വ്യോമസേനയിലെ ആദ്യ സംഘം ഡിസംബർ 21-നും കരസേനയിലെ ആദ്യ ബാച്ച് ഡിസംബർ 31-നും കാലാവധി പൂർത്തിയാക്കാൻ ഇരിക്കവേയാണ് ഈ നിർണായക നടപടി.
പുതിയ തീരുമാനപ്രകാരം, സേവന കാലാവധി തികയ്ക്കുന്ന 75 ശതമാനം അഗ്നിവീറുകൾക്കും രണ്ടു വർഷം കൂടി സേവനത്തിൽ തുടരാൻ അവസരം ലഭിക്കും. ഈ അധിക കാലാവധിക്ക് ശേഷം താൽപ്പര്യമുള്ളവർക്ക് സേനയിൽ സ്ഥിരമായി തുടരാനുള്ള വാതിലുകളും തുറന്നുകിട്ടും. നേരത്തെ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ പുതിയ നയം നടപ്പിലാക്കുന്നത്. അധികമായി ലഭിക്കുന്ന രണ്ട് വർഷത്തെ സേവന കാലയളവിൽ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർധനവുണ്ടാകും.




