സുപ്രീം കോടതി ഇടപെടൽ: വാഹനാപകടത്തിൽ കാല് നഷ്ടപ്പെട്ട പ്രവാസി സുധീറിന് 2 കോടി നഷ്ടപരിഹാരം

ദുബായ്: വാഹനാപകടത്തെത്തുടർന്ന് ഇടതുകാൽ നഷ്ടപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി സുധീർ അലിഫിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയിൽ വർദ്ധനവ്. നേരത്തെ അനുവദിച്ച 6 ലക്ഷം ദിർഹത്തിന് പകരം 8 ലക്ഷം ദിർഹം (ഏകദേശം 2.08 കോടി രൂപ) നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അജ്മാനിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു സുധീർ. സഹപ്രവർത്തകരോടൊപ്പം കമ്പനിയുടെ വാഹനത്തിൽ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യവെയാണ് ദൗർഭാഗ്യകരമായ അപകടം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നടപ്പാതയിലൂടെ കുതിച്ചുപാഞ്ഞ വാഹനം തൂണിൽ ഇടിക്കുകയുമായിരുന്നു.
അപകടം നടക്കുമ്പോൾ 38 വയസ്സായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. കാലിന് സംഭവിച്ച ഗുരുതരമായ അംഗവൈകല്യം, ജോലി ചെയ്യാനുള്ള ശാരീരിക ശേഷിയിലുണ്ടായ തകർച്ച, ഭാവി വരുമാനത്തിലുണ്ടായ നഷ്ടം, അതുപോലെ തന്നെ അനുഭവിച്ച കടുത്ത മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ എന്നിവയെല്ലാം കോടതി പ്രത്യേകം വിലയിരുത്തി. സുധീറിന്റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾ കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചതെന്ന് അഡ്വ. ഷംസുദീൻ വ്യക്തമാക്കി.




