NEWS

ചട്ടലംഘനം വഴി തരംതാഴ്ത്തപ്പെട്ടവർക്ക് ജോലി തിരിച്ചുകിട്ടി; മുഖ്യമന്ത്രിയുടെ ഇടപെടലിൽ അഞ്ച് പേർക്ക് നിയമനം

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിൽ നിന്നും പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ക്ലാർക്ക് കം ടൈപ്പിസ്റ്റുകൾക്ക് നീണ്ട ഇരുപത്തിയഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിയമനം ലഭിച്ചു. കഴിഞ്ഞ മാസം 18-ന് തൊഴിൽ നഷ്ടപ്പെട്ട എസ്.അമൃത, കെ.സ്മിത, എം.കെ.ഷിങ്കി, വി.ആരിഫ, പി.ആർ.അഖിന എന്നിവരാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി എ.പി.അനിൽകുമാർ എന്നിവരുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് ഇന്നലെ എഡിഎം മുമ്പാകെ ഹാജരായി വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

നിയമനം ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരെ കലക്ടറേറ്റിലും ബാക്കി രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ഓഫീസിലുമാണ് സൂപ്പർ ന്യൂമററി തസ്തികയിൽ ‘വാനിഷിങ് കാറ്റഗറിയിൽ’ ഉൾപ്പെടുത്തി നിയമിച്ചിരിക്കുന്നത്. അന്ന് സങ്കടത്തോടെ പടിയിറങ്ങിപ്പോയ തങ്ങൾ ഇന്ന് വലിയ സന്തോഷത്തോടെയാണ് തിരികെ എത്തിയതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എംഎൽഎമാരായ വി.ടി.സൂരജ്, ഫാത്തിമ തഹ്‌ലിയ, പി.കെ.ഫിറോസ് എന്നിവരോടും ഒപ്പം നിന്ന മാധ്യമങ്ങളോടും ഇവർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

മുൻ സർക്കാരിന്റെ ഭരണകാലത്ത് ചട്ടവിരുദ്ധമായി നിയമനം ലഭിച്ച അഞ്ച് ജീവനക്കാരെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് ക്ലാർക്ക് കം ടൈപ്പിസ്റ്റുകളായി തരംതാഴ്ത്തേണ്ടി വന്നിരുന്നു. ഈ നടപടിയുടെ ഭാഗമായാണ് കഴിഞ്ഞ 18-ന് നിലവിലുണ്ടായിരുന്ന അഞ്ച് താൽക്കാലിക ജീവനക്കാർക്ക് ജോലിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നത്.

Fashion ⏭️

Back to top button