മുത്തൂറ്റ് എംക്രെഡിന് ഇരട്ട നേട്ടം

മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിനെ തേടി ഇരട്ട അംഗീകാരങ്ങളുടെ തിളക്കം. നാലാമത് പ്രോഫിറ്റ് ടസ്കർ സമ്മിറ്റിന്റെ വേദിയിൽ വെച്ചാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റിന് ‘മോസ്റ്റ് പ്രോമിസിങ് എൻട്രപ്രണർ’ പുരസ്കാരവും, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.ഇ. മത്തായിക്ക് ‘ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ്’ പുരസ്കാരവും സമ്മാനിച്ചത്. കൊച്ചിയിൽ വെച്ചുനടന്ന വിപുലമായ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇരുവരും പുരസ്കാരങ്ങൾ കൈമാറിയത്.
ധനകാര്യ സേവന രംഗത്ത് ഇവർ കാഴ്ചവെച്ച മികച്ച നേതൃപാടവവും കമ്പനിയുടെ വളർച്ചയിൽ വഹിച്ച നിർണായക പങ്കും കണക്കിലെടുത്താണ് ഈ ആദരം. നൂറ്റാണ്ടുകൾ നീളുന്ന പാരമ്പര്യമുള്ള മുത്തൂറ്റ് ഗ്രൂപ്പിനെ സമകാലിക ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതിലും വിപണിയിൽ കമ്പനിയുടെ സ്ഥാനം ഭദ്രമാക്കുന്നതിലും മാത്യു മുത്തൂറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്. അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന പ്രവർത്തനപരിചയമുള്ള പി.ഇ. മത്തായി, 2019-ൽ സിഇഒ സ്ഥാനമേറ്റെടുത്ത ശേഷം കമ്പനിയുടെ പ്രവർത്തനമികവിലും സേവന തലങ്ങളിലും സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരാൻ മുൻകൈയെടുത്തു.
എഫ്വൈബിബി, ദി പ്രോഫിറ്റ് ന്യൂസ്, ഐസിടിഇപി കൗൺസിൽ എന്നിവർ സംയുക്തമായി ഏകോപിപ്പിച്ച ഈ ഉച്ചകോടി, കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചും നിക്ഷേപസാധ്യതകളെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകൾക്ക് വേദിയായി. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന സംരംഭകരുടെ അർപ്പണബോധത്തെയും മികവിനെയും ചടങ്ങിൽ മുഖ്യാതിഥിയായ വി.ഡി. സതീശൻ പ്രത്യേകം അഭിനന്ദിച്ചു.




