NEWS

വെമ്പായം ബാറിലെ സംഘർഷം: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു, മരണം മൂന്നായി


തിരുവനന്തപുരം∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വെമ്പായം സ്വദേശി നൗഫല്‍ (34) ആണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ പൊള്ളലേറ്റു മരിച്ചവരുടെ എണ്ണം മൂന്നായി. വെമ്പായം സ്വദേശി നവാസ്, പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ നന്നാട്ടുകാവ് സ്വദേശി അനീഷ് (32) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. ഇതിനു പുറമേ ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഉണ്ടപ്പാറ സ്വദേശി രതീഷിനെ(43) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണു ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്നു പുറത്തേക്കുപോയ അനീഷ് അര മണിക്കൂറിനുശേഷം പെട്രോള്‍ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. സോഫയില്‍ ഇരുന്നവരുടെ ദേഹത്തേക്കാണ് പെട്രോളൊഴിച്ചത്. ശരീരത്തില്‍ തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. ഇതിനിടെ അനീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുണ്‍ (36), വെമ്പായം സ്വദേശികളായ നൗഫല്‍, റിയാസ് നവാസ്, ശ്യാം എന്നിവരുള്‍പ്പെടെ 6 പേര്‍ക്കാണു പൊള്ളലേറ്റത്.


Fashion ⏭️

Back to top button